തെലങ്കാനയിൽ അടുത്തൊരു തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാൻ കഴിയാത്ത വിധം കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടപ്പോഴേ ബി.ആർ.എസിന്റെ കാലിടറിത്തുടങ്ങിയിരുന്നു. നേതാക്കളെല്ലാം കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും പോയി. ഒടുവിൽ രണ്ടാംനിര നേതാക്കളെ ഇറക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട്, എട്ടു നിലയിൽ പൊട്ടി. 17 സീറ്റുകളിൽ ഒന്നും പോലും കിട്ടിയില്ല.
ബി.ആർ.എസ് ടിക്കറ്റിൽ മത്സരിച്ച എം.എൽ.എമാരെല്ലാം ഇപ്പോൾ സംസ്ഥാനത്ത് ഭരണം കൈയാളുന്ന കോൺഗ്രസിലേക്ക് ചേർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സെരിലിംഗംപള്ളി എം.എൽ.എ അരേക്കാപ്പുഡി ഗാന്ധിയാണ് കോൺഗ്രസിലെത്തിയത്. കോൺഗ്രസിലേക്കെത്തുന്ന ഒൻപതാമത്തെ ബി.ആർ.എസ് എം.എൽ.എയാണ് എ. ഗാന്ധി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തി പാർട്ടിയിൽ ചേർന്നപ്പോൾ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ നാലു കൗൺസിലർമാർ കൂടി അതിനൊപ്പം കോൺഗ്രസിൽ ചേർന്നു.
ബി.ആർ.എസിൽ എത്തുന്നതിനു മുമ്പ് ടി.ഡി.പി നേതാവായിരുന്നു കെ.ഗാന്ധി. അന്ന് ഒപ്പം പ്രവർത്തിച്ചയാളാണ് രേവന്ത് റെഡ്ഡി. രേവന്ത് കോൺഗ്രസിലേക്കും കെ.ഗാന്ധി ബി.ആർ.എസിലേക്കും ചേരുകയായിരുന്നു. പാർട്ടിയിൽ നല്ലൊരു പങ്ക് നേതാക്കളെയും എം.എൽ.എമാരെയും അടർത്തി കോൺഗ്രസിൽ ലയിപ്പിക്കാനുള്ള നീക്കമാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ബി.ആർ.എസ് എം.എൽ.എമാർ ബി.ജെ.പിയിലേക്കു ചേരാനുള്ള താത്പര്യം കാണിച്ചെങ്കിലും എം.എൽ.എ സ്ഥാനം രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കണമെന്ന ഡിമാൻഡ് ബി.ജെ.പി നേതൃത്വം മുന്നോട്ടു വച്ചതോടെയാണ് അതിനു മുതിരാഞ്ഞത്.
2021 നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 119-ൽ 64 സീറ്റ് നേടി കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ 39 സീറ്റുമായി രണ്ടാം സ്ഥാനത്തായിപ്പോയ ബി.ആർ.എസ് ആറു മാസത്തിനു ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'സംപൂജ്യ'രാവുകയായിരുന്നു. സെക്കന്തരാബാദ് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ കോൺഗ്രസ് അംഗബലം 65 ആക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസ് അദ്ധ്യക്ഷൻ കെ. ചന്ദ്രശേഖര റാവുവിന്റെ വലംകൈ ആയിരുന്ന ഏട്ടല രാജേന്ദ്രൻ ഉൾപ്പെടെ ബി.ജെ.പിയിലേക്ക് ചേക്കേറി. രാജേന്ദ്രൻ കേന്ദ്രമന്ത്രിയുമായി.
ഇറങ്ങുമോ
കെ.സി.ആർ?
എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കെ. ചന്ദ്രശേഖര റാവു അടുത്തിടെ എം.എൽ.എമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. പാർട്ടിയിൽ തനിക്കുള്ള നിയന്ത്രണത്തിന്റെ
ശക്തമായ സൂചന നൽകാനായിരുന്നു അത്. എന്നാൽ ആ യോഗത്തിൽ പങ്കെടുത്ത രണ്ട് എം.എൽ.എമാർ - പ്രകാശ് ഗൗഡും അരികെപ്പുടി ഗാന്ധിയും- ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസിലെത്തി!
ഇങ്ങനെ പോയാൽ പാർട്ടിയുടെ കഥ കഴിയുമെന്ന് മുതിർന്ന നേതാക്കൾ കെ.സി.ആറിനെ അറിയിച്ചു.
രേവന്ത് സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടുന്ന പദയാത്രയുമായോ ബസ് യാത്രയുമായോ കെ.സി.ആർ ഇറങ്ങിയാൽ എം.എൽ.എമാരുടെ ഒഴുക്ക് തടയാനാകുമെന്നാണ് നേതാക്കളുടെ വിശ്വാസം. മറുവശത്ത് കോൺഗ്രസ് നേതൃത്വം തങ്ങളുടെ പക്ഷത്തേക്കു വന്ന കോൺഗ്രസ് എം.എൽ.എമാരെ കൂടെ നിറുത്തുന്നതിനായി കൂറുമാറ്റ നിരോധന നിയമത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുകയാണ്. തെലങ്കാനയിൽ ഭരണപക്ഷത്തേക്ക് എം.എൽ.എമാർ ചേക്കേറുന്നത് ഇതാദ്യമല്ല. കഴിഞ്ഞ തവണ കോൺഗ്രസ്, ടി.ഡി.പി ടിക്കറ്റിൽ മത്സരിച്ചു ജയിച്ചവർ എത്തിയത് ബി.ആർ.എസിലേക്കായിരുന്നു.
കക്ഷത്തിലില്ല,
ഉത്തരത്തിലും!
തെലങ്കാന സംസ്ഥാന രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്ന കെ.സി.ആർ പിന്നീട് ജനങ്ങളിൽ നിന്ന് അകന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പാഠം ഉൾക്കൊണ്ട് നേതൃത്വത്തിൽ ഉൾപ്പെടെ ഒരു മാറ്റവും വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആറു മാസത്തിനുള്ളിൽ ലോക്‌സാ തിരഞ്ഞെടുപ്പു കൂടി വന്നപ്പോഴേക്കും എല്ലാം കൈവിട്ടു പോയി.
രണ്ടാം വട്ടം മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം സാധാരണക്കാരെ നേരിട്ടു കണ്ടിരുന്നില്ല. 'രാജാവ്" ചമഞ്ഞാണ് ഭരണമെന്ന കോൺഗ്രസിന്റേയും ബി.ജെ.പിയുടേയുംആരോപണം ജനം ഏറ്റെടുത്തു.
അമേരിക്കയിൽ പഠിച്ചുവന്ന മകൻ കെ.ടി. രാമറാവുവും മകൾ കെ. കവിതയും സാധാരണക്കാർക്കിടയിൽ സ്വീകാര്യരായില്ല. രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി പദമായിരുന്നു കെ.സി.ആറിന്റെ ലക്ഷ്യം. പാർട്ടി രൂപീകരിച്ച് 21 വർഷത്തിനുശേഷം 2022-ൽ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കി. മോദി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചെങ്കിലും സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം തയ്യാറായില്ല.
കോൺഗ്രസിതര മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മാൻ, എം.കെ.സ്റ്റാലിൻ, മമത ബാനർജി എന്നിവരെക്കൂടാതെ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അമ്പേ പാളി. കോൺഗ്രസ് ഇല്ലാത്ത ഫെഡറൽ മുന്നണിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ പ്രതിസന്ധി മൂർച്ഛിക്കാൻ ഇടയാക്കി. ബി.ജെ.പി വിമർശനത്തെ മയപ്പെടുത്തി. തിരഞ്ഞെടുപ്പിനുശേഷം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയെ ഇ.ഡി അറസ്റ്റുചെയ്തതോടെ ബി.ആർ.എസ് കൂടുതൽ പ്രതിരോധത്തിലുമായി.