വെഞ്ഞാറമൂട്: വ്യാജ സന്ദേശം നൽകി അഗ്നിരക്ഷാസേനയെ വട്ടം ചുറ്റിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.കല്ലറ ചെറുവാളം അനേഷ് വിലാസത്തിൽ കൊച്ചനിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.ഞായറാഴ്ച രാത്രിയിൽ കല്ലറ ചടയൻമുക്ക് പുത്തൻവിള എന്ന സ്ഥലത്ത് കാറിന്റെ മുകളിൽ മരം വീണുവെന്നും ഒരാൾ അതിനകത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇയാൾ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം അവിടെയെത്തിയെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മനസിലാക്കി. തുടന്ന് വിവരം നൽകിയ നമ്പരിലേക്ക് തിരികെ വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ കബളിപ്പിക്കലാണെന്ന് മനസിലാക്കി ഫയർഫോഴ്സ് അധികൃതർ പാങ്ങോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.