ആറ്റിങ്ങൽ: പ്രായം ചെന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കുണ്ടറ പരുത്തൻപാറ മുക്കൂട് കിഴക്കേമുകളിൽ വീട്ടിൽ ഉരുട്ട് രാജീവ് എന്ന രാജീവാണ് (42)പിടിയിലായത്.ആറ്റിങ്ങൽ തച്ചൂർക്കോണം സ്വദേശി 72കാരി റിട്ട.അദ്ധ്യാപികയെ മക്കളുടെ സുഹൃത്താണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വർണ കോയിൻ കൊടുത്ത് ക്വാളിറ്റി മനസിലാക്കാനെന്ന വ്യാജേന ഒരു പവൻ വീതമുള്ള മൂന്ന് വളകൾ കവർന്നെടുക്കുകയായിരുന്നു. കൊല്ലത്തെ മകളുടെ വീട്ടിൽ പോകാൻ വന്ന ടീച്ചറെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതി കബളിപ്പിച്ചത്.
കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിലായി 40തിലധികം തട്ടിപ്പ്,കവർച്ചാ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.മഞ്ചു ലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച് ഗോപകുമാർ.ജി,എസ്.ഐ സജിത്ത്,എസ്.സി.പി.ഒമാരായ ശരത് കുമാർ,വിഷ്ണുലാൽ,സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കായി ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വന്ന പ്രതി തിരികെ പോകുമ്പോഴാണ് വൃദ്ധയെ പറ്റിച്ചത്.ഇയാളെ ആറ്റിങ്ങൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.