k-krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നത് എളുപ്പമല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. പൊതുയോജിപ്പും, സമവായവും ആവശ്യമുള്ളതിനാൽ അത് രൂപപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ടു പോകാനാകൂ. അതിനാൽ, ആണവോർജ്ജ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലവിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.

വൈദ്യുതി വാങ്ങൽ ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ, കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ കെ.എസ്.ഇ.ബി സി.എം.ഡി ബിജുപ്രഭാകർ ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ചർച്ച നടത്തി. സംസ്ഥാനം ഇപ്പോൾ തന്നെ കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിനു പുറമേ, മറ്റ് ആണവ വൈദ്യുതി നിലയങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ പക്കൽ അൺ അലോക്കേറ്റഡ് ഷെയർ ആയി അധികമുള്ള വൈദ്യുതിയുടെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നത് സംബന്ധിച്ചിട്ടുള്ള ചർച്ചകളാണ് കഴിഞ്ഞദിവസം നടത്തിയത്. അതോടൊപ്പം സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് നേരത്തെ നൽകിയ നിർദ്ദേശവും സംസാരിച്ചുവെന്നേയുളളൂ.

രാത്രികാലത്ത് നിരക്ക് വർദ്ധന പരിഗണിക്കും

സംസ്ഥാനത്ത് രാത്രികാല വൈദ്യുതിക്ക് നിരക്ക് കൂടുതൽ ഏർപ്പെടുത്തുന്നത് കെ.എസ്.ഇ.ബി ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പാലക്കാട്ട് പറഞ്ഞു. പകൽസമയ വൈദ്യുതി നിരക്ക് കുറയ്ക്കുകയും രാത്രി പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാനുമാണ് ആലോചിക്കുന്നത്. സ്മാർട്ട് മീറ്റർ പോലുള്ള സംവിധാനം വരുന്ന മുറയ്ക്കായിരിക്കും ഇത് നടപ്പാകുക.