shasheer

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ജർമ്മനിയിൽ നിന്ന് മരുന്ന് കേരളത്തിലെത്തി. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയർ സ്ഥാപകൻ ഡോ.ഷംഷീർ വയലിലാണ് മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപയുടെ 56 ക്യാപ്സൂളുകൾ അടങ്ങുന്ന ആദ്യബാച്ച് മന്ത്രി വീണാ ജോർജും കെ.എം.എസ്.സി.എൽ എം.ഡി ജീവൻ ബാബുവും ചേർന്ന് ഏറ്റുവാങ്ങി. വി.പി.എസ് ഹെൽത്ത് കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്,ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ എം.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് കൈമാറിയത്. കൂടുതൽ മരുന്ന് ഉടനെത്തും.

സംസ്ഥാനത്ത് ആറാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരക്കേസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡോ.ഷംഷീറുമായി ചർച്ച നടത്തിയത്. മിഡിൽ ഈസ്റ്റിൽ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം മരുന്ന് ലഭ്യമാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂർവ രോഗം കാരണം കേരളത്തിൽ മരണമടഞ്ഞത്. എന്നാൽ, 14 വയസുള്ള അഫ്നാൻ മരുന്നിന്റെ സഹായത്തോടെ രോഗത്തെ അതിജീവിച്ചു. ഡോ.ഷംഷീർ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് എത്രയുംവേഗം കൂടുതൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് ഹാഫിസ് അലി പറഞ്ഞു.

മിൽറ്റിഫോസിൻ

യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, അമീബിക് മസ്തിഷ്‌കജ്വരം ചികിത്സിക്കാൻ 2013മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണിത്. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് അണുബാധയ്ക്ക് മരുന്ന് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഇംപാവിഡോ എന്ന പേരിലാണ് മരുന്ന് വിപണിയിലുള്ളത്. ആന്റിമൈക്രോബിയൽ മരുന്നായ ഇത് 1980കളിൽ ക്യാൻസർ ചികിത്സയ്ക്കാണ് ആദ്യം വികസിപ്പിച്ചിരുന്നത്. ഗ്രാനുലോമാറ്റോസ് അമീബിക് എൻസെഫലൈറ്റിസ് അടക്കമുള്ള അമീബ അണുബാധയ്‌ക്കും മിൽറ്റിഫോസിൻ ഫലപ്രദമാണെന്ന് കണ്ടെത്തി.



''കേന്ദ്രത്തിന്റെ സപ്ലൈയിലുള്ള അപൂർവ മരുന്നാണിത്. കേരളത്തിൽ വിതരണമില്ല. ഈ സാഹചര്യത്തിലാണ് വി.പി.എസ് മരുന്ന് ലഭ്യമാക്കിയത്.

-വീണാ ജോർജ്

ആരോഗ്യ മന്ത്രി