തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുണ്ടായ വിമർശനം ചോർന്ന സംഭവത്തിൽ കർശന നടപടിക്ക് സാദ്ധ്യത. ഇതു സംബന്ധിച്ച് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കും കോൺഗ്രസിനും മികച്ച വിജയം നേടാനായ അനുകൂല അന്തരീക്ഷത്തെ പാർട്ടിക്കുള്ളിലെ ചേരിതിരിവ് മൂലം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്ന നിലയാണ് ഹൈക്കമാന്റിന്.പഴുതടച്ച അന്വേഷണ റിപ്പോർട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് നൽകാനാണ് നിർദ്ദേശം.
സംസ്ഥാനത്തെ പാർട്ടി യോഗങ്ങളിൽ നിന്ന് നിരന്തരമായി പൊടിപ്പും തൊങ്ങലും വെച് വാർത്തകൾ ചോർത്തി നൽകുന്നതിൽ എ.ഐ.സി.സിക്ക് അതൃപ്തിയുണ്ട്. പല തവണ ഇതിനെതിരെ താക്കീത് നൽകിയതാണ്. വാർത്ത ചോർത്തൽ വിവാദം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കരുതെന്നും, വയനാട് ക്യാമ്പിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്നും സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഭരണ വിരുദ്ധവികാരം മുതലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയം നേടാനാവുമെന്നായിരുന്നു വയനാട് ക്യാമ്പിലെ വിലയിരുത്തൽ. എന്നാൽ നിലവിൽ യു.ഡി.എഫിനുള്ള മേൽക്കൈ നഷ്ടമാകുന്ന തരത്തിലാണ് സംസ്ഥാന കോൺഗ്രസിലെ പോര് നീങ്ങുന്നതെന്ന ചില പരാതികളും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ചേരിപ്പോര് പരിഹരിക്കാനുള്ള അടിയന്തര നീക്കങ്ങളും എ.ഐ.സി.സിയിൽ നിന്നുണ്ടായേക്കും.
അഭിപ്രായ വ്യത്യാസമില്ലാതെ കോൺഗ്രസില്ല : കെ.സുധാകരൻ
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസില്ലെന്നും, എന്നാൽ പാർട്ടിയിൽ തനിക്കോ തന്നോടോ യാതൊരു തർക്കങ്ങളും ഒരു നേതാവിനുമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിമർശിക്കാൻ പാർട്ടിയിൽ വലിപ്പച്ചെറുപ്പം നോക്കേണ്ട കാര്യമില്ല.അത് തന്നെയാണ് ഈ ജനാധിപത്യ പാർട്ടിയുടെ സൗന്ദര്യമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ച് വിജയിച്ചത് കണ്ട് വിറളി പിടിച്ച ചില മാധ്യമങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ ആരും തളരരുത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ 'ക്യാപ്റ്റൻ' എന്ന തലക്കെട്ടോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുമ്പ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളുമാണ് അധമ വാർത്തകളുടെ പിന്നിൽ. എ.കെ.ജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ.