തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴ തുടരും. വടക്കൻ ജില്ലകളിലാകും അതിശക്ത മഴ. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് വരെ സജീവമായ ന്യൂനമർദ്ദ പാത്തി, മദ്ധ്യപ്രദേശിന് മുകളിലെ ചക്രവാതച്ചുഴി എന്നിവ കാരണമാണ് മഴ തുടരുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്നലെ കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മൈസൂരു റോഡിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ട് ഇരുപതോളം വീടുകൾ തകർന്നു.
ഏഴ് ജില്ലകളിൽ
ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് തൃശൂർ, പാലക്കാട്, വയനാട് എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കോഴിക്കോട്ട് കോളേജുകൾക്ക് അവധിയില്ല.