തിരുവനന്തപുരം: നഗരത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് സമ്മതിച്ച് നഗരസഭ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഭരണസമിതിയുടെ ഏറ്റുപറച്ചിൽ. നഗരം ഇരുട്ടിലാണെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പുതിയ വിളക്കുകൾ സ്ഥാപിക്കുന്നത് നിലച്ചപ്പോൾ, കേടായവയിൽ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ ആറുമാസം തികയും മുമ്പേ മിക്ക വാർഡുകളിലെയും മുക്കാലോളം പ്രദേശവും ഇരുട്ടിലായി. ഈ സാമ്പത്തിക വർഷം പദ്ധതിക്ക് നീക്കിവച്ച തുക പൂർണമായി വിനിയോഗിച്ചെങ്കിലും പ്രവർത്തനക്ഷമമായില്ല. പുതിയ പദ്ധതി പ്രകാരം സെപ്തംബർ 12നകം നഗരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുമെന്ന് ഭരണസമിതി യോഗത്തിൽ പറഞ്ഞു.

11,​960 ലൈറ്റുകൾ കത്തുന്നില്ല

നഗരത്തിൽ 11,960 ലൈറ്റുകൾ കത്താത്തതായുണ്ടെന്ന് സർവേ പ്രകാരം കണ്ടെത്തി. പുതിയ കരാർ പ്രകാരം 11,750 ലൈറ്റുകൾ ഇതിനോടകം മാറ്റി സ്ഥാപിച്ചു.1,553 ട്രാൻസ്‌ഫോർമറുകളാണ് മൂന്ന് ഡിവിഷനുകളിലായുള്ളത്(തിരുവനന്തപുരം, കഴക്കൂട്ടം, നെയ്യാറ്റിൻകര). 1,007 ട്രാൻസ്‌ഫോർമറിലെ ലൈറ്റുകൾ മാറ്റി സ്ഥാപിച്ചു. 439 എണ്ണം ഇനി ബാക്കിയുണ്ട്. ലൈറ്റുകൾ മോണിറ്റർ ചെയ്യാൻ ചാർട്ടേഡ് എൻജിനിയറിംഗ്ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

പുതിയ പദ്ധതിയിൽ

40% വൈദ്യുതി ലാഭം

സെൻട്രലൈസ്ഡ് കൺട്രോളിംഗ് മോണറ്ററിംഗ് സിസ്റ്റം എന്നാണ് സംവിധാനത്തിന്റെ പേര്.

തെരുവുവിളക്കുകളെല്ലാം എൽ.ഇ.ഡിയിലേക്ക് മാറ്റും. 10 വർഷത്തേയ്ക്കുള്ള പരിപാലനവും കരാറിലുണ്ട്.

40 ശതമാനം വൈദ്യുതി ലാഭം. ജോലികൾ രണ്ടുമാസത്തിനകം ആരംഭിക്കും.

പ്രതിവർഷം 10 കോടി പരിപാലന ചെലവ്

തിരുവനന്തപുരം, കഴക്കൂട്ടം, നെയ്യാറ്റിൻകര എന്നീ മൂന്ന് ഡിവിഷനുകളിലായി നഗരസഭയിലെ 100 വാർഡുകൾ തിരിച്ചിട്ടുണ്ട്.

പ്രതിമാസം തിരുവനന്തപുരം ഡിവിഷന് 42 ലക്ഷം, കഴക്കൂട്ടത്തിന് 32 ലക്ഷം, നെയ്യാറ്റിൻകരയ്ക്ക് 10 ലക്ഷം ഇങ്ങനെയാണ് പരിപാലന ചെലവ്.

തീരപ്രദേശങ്ങളിലേക്ക് പൗഡർ കോട്ടഡ് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങും.

ആധുനിക സംവിധാനം അനുസരിച്ച് സ്ഥാപിക്കുന്ന ലൈറ്റുകളിൽ സ്മാർട്ട് മീറ്റർ ചിപ്പ് കടുപ്പിക്കും. ഇതുവഴി തകരാറിലായ ലൈറ്റിന്റെ വിവരങ്ങൾ ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോണിൽ സന്ദേശമായി വരും. 48 മണിക്കൂറിനകം കരാർ കമ്പനി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പിഴ ചുമത്തും.

കൂടുതൽ പ്രകാശം, ഗുണമേന്മ, കുറഞ്ഞ വൈദ്യുതി ഉപഭോഗം എന്നിവയാണ് ഗുണങ്ങൾ.

പരാതിക്ക് കംപ്ളെയിന്റ് മോണിറ്ററിംഗ് സിസ്റ്റം രൂപീകരിക്കും.