തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വോട്ടെണ്ണൽ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകൾ വൈസ് ചാൻസലറെ ഉപരോധിച്ചതിന് പിന്നാലെ സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തുകയായിരുന്നു.ഗേറ്റിൽ തടഞ്ഞതോടെ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
സെനറ്റ് അംഗങ്ങൾ വി.സിയെ ഘെരാവോ ചെയ്യുമ്പോൾ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി സർവകലാശാല ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു. പൊലീസ് ഗേറ്റടച്ച് പ്രതിഷേധക്കാരെ തടയുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടിക്കടന്ന് അകത്ത് പ്രതിഷേധം ആരംഭിച്ചു. ഇതോടെ ബാക്കിയുള്ളവരും അകത്തുകയറി സർവകലാശാല ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. അതിനിടെ ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന വി.സിയുടെ കാറിന്റെ ടയറിലെ കാറ്റഴിച്ചുവിട്ടു.
മണിക്കൂറുകൾ നീണ്ട സംഘർഷവും പ്രതിഷേധവുമാണ് പാളയത്തും കേരള സർവകലാശാല ആസ്ഥാനത്തും നടന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ പ്രതിഷേധവും സംഘർഷവും നീണ്ടു. തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് തടസമില്ലെന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന ശേഷമാണ് എസ്.എഫ്.ഐ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഇടത് സംഘടനകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത് സംഘർഷം രൂക്ഷമാക്കി. കോടതി വിധി എത്തിയതോടെയാണ് അവരും പ്രതിഷേധം അവസാനിപ്പിച്ചത്. എ.ബി.വി.പി പ്രതിഷേധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.