1

കുളത്തൂർ : ശ്രീനാരായണ ഗുരുദേവ ശിഷ്യനും ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്ന് കൊട്ടാരം ജ്യോത്സ്യൻ പട്ടം ലഭിച്ചയാളുമായ കുളത്തൂർ കോലത്തുകര ചാന്നാൻ വിളാകത്ത് കൊച്ചൻ വൈദ്യരുടെ ചെറുമകൾ ഗൗരിക്കുട്ടി അമ്മ 107-ാം വയസിൽ നിര്യാതയായി. ഇന്നലെ രാവിലെ 6ഓടെ കുളത്തൂർ ശ്രീനാരായണ വായനശാലയ്ക്ക് സമീപം മകൾ രമാദേവിയുടെ ചടയൻ വിളാകത്ത് വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ കോലത്തുകര ശ്മശാനത്ത് നടന്നു.

ഗുരുദേവൻ ഇട്ട പേരായിരുന്നു ഗൗരിക്കുട്ടി എന്നത്. കോലത്തുകര ശിവ പ്രതിഷ്ഠ കഴിഞ്ഞ് ഗുരു വിശ്രമിച്ചത് ചാന്നാൻ വിളാകത്തെ കൊച്ചൻ വൈദ്യരുടെ വീട്ടിലായിരുന്നു. കൊച്ചൻ വൈദ്യരുടെ വിരലിൽ തൂങ്ങുന്ന ഗൗരിക്കുട്ടിയെ ഗുരുവിന് ഏറെ ഇഷ്ടമായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണക്ക് അദ്ധ്യാപകൻ ശാസിച്ചതിന്റെ പേരിൽ പഠിത്തം നിറുത്തി. എന്താ സ്കൂളിൽ പോകാത്തതെന്ന് ചോദിച്ചപ്പാേൾ എനിക്ക് സ്കൂളിൽ പോകണ്ട, സ്വാമിയുടെ വാക്കുകൾ കേട്ടാൽ മാത്രം മതി എന്നായിരുന്നു മറുപടി. കൊച്ചൻ വൈദ്യർ - നാരായണി ദമ്പതികൾക്ക് ശങ്കരൻ, പാർവ്വതി എന്നീ മക്കളാണ്. മകൾ പാർവ്വതിയെ വിവാഹം ചെയ്തത് അദ്ധ്യാപകനായ കുഞ്ഞൻ ആയിരുന്നു. ഇവർക്ക് പത്ത് മക്കളാണ്. ഇതിൽ രണ്ടാമത്തെ മകളാണ് ഗൗരിക്കുട്ടി. വൈദ്യരുടെ മകൻ ശങ്കരൻ വിവാഹം കഴിച്ചത് ലക്ഷ്മിയെ ആയിരുന്നു. ഇവർക്ക് ഏഴ് മക്കൾ: ശാന്ത, ശാർദ, വിലാസിനി, രാധ, സദാശിവൻ, വിമല, ഗോപി. ഗൗരിക്കുട്ടി അമ്മയുടെ ഭർത്താവ് വാസുദേവനാണ്. ഇവർക്ക് നാല് മക്കളാണ്. ജി. രമാദേവി, പരേതയായ ജി. ശാരദാമണി (എൻ.എൻ. കോളേജ്, ചെമ്പഴന്തി ) വി.മോഹൻകുമാർ, വി. അശോക് കുമാർ (റിട്ട. സൂപ്രണ്ട്, എസ്.എൻ കോളേജ് ചെമ്പഴന്തി ). മരുമക്കൾ: പരേതനായ കെ. ഗോപാലകൃഷ്ണൻ (ഗൾഫ് ) , പ്രഭാകരൻ (റിട്ട. വി.എസ്.എസ്.സി), ഇന്ദു വി.ആർ. (റിസർച്ച് അസിസ്റ്റന്റ് ), ബിജി. കെ. പി. ( ടീച്ചർ, എം.ആർ.എം. കെ.എം.എം.എച്ച്.എസ്.എസ്, ഇടവ).