തിരുവനന്തപുരം: 73-ാമത് ഇന്റർ സർവീസസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ എം.പി.സലിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 22 വ്യത്യസ്‌ത ഇനങ്ങളിലായി മൂന്ന് സേനാ വിഭാഗങ്ങളിൽ (ആർമി, നേവി, എയർഫോഴ്‌സ്) നിന്നുള്ള 300 ഓളം കായികതാരങ്ങൾ മത്സരിക്കുന്നുണ്ട്.സർവീസസ് സ്‌പോർട്‌സ് കൺട്രോൾ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ നേവി സ്‌പോർട്‌സ് കൺട്രോൾ ബോർഡാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.ഇന്നലെ 20 കിലോമീറ്റർ റേസ് വാക്ക്,ലോംഗ് ജമ്പ്,ജാവലിൻ ത്രോ,100 മീറ്റർ ഓട്ടം,400 മീറ്റർ ഓട്ടം,1500 മീറ്റർ ഓട്ടം എന്നിവ അടക്കം ആറ് ഇനങ്ങളിലെ മത്സരങ്ങളാണ് നടന്നത്.1500 മീറ്റർ ഓട്ടത്തിൽ, ആർമി റെഡ്‌സ് ടീമിന്റെ യൂനുസ് ഷാ 3:41:32 എന്ന സമയത്തിൽ ഒരു പുതിയ സർവീസസ് റെക്കാഡ് സ്ഥാപിച്ചു.ഒന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 27 പോയിന്റുമായി ആർമി റെഡ് മുന്നിട്ടു നിൽക്കുന്നു. ആർമി ഗ്രീൻ (13), നേവി (11), എയർഫോഴ്സ് (09) എന്നിങ്ങനെയാണ് പോയിന്റ് പട്ടിക.