മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പനിയ്ക്ക് ചികിത്സ തേടിയെത്തിയ അഞ്ച് വയസുകാരന് ചുമയുടെ മരുന്ന് നൽകിയെന്ന പരാതിയിൽ താത്കാലിക ഫാർമസിസ്റ്റിനെതിരെ നടപടി സ്വീകരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മലയിൻകീഴ് സ്വദേശികളായ ദമ്പതിമാർ കുട്ടിയുമായി താലൂക്ക് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കൊടുവിൽ ഡോക്ടർ പനിയുടെ മരുന്ന് കുറിച്ചുനൽകി. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ഫാർമസിസ്റ്റ് നൽകിയത് ചുമയുടെ സിറപ്പ്. രാത്രിയായപ്പോൾ കുട്ടിയ്ക്ക് പനികൂടി അപസ്മാരമുണ്ടായി. തുടർന്ന് വീട്ടുകാർ ഉടനെ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് മരുന്ന് മാറിയവിവരം രക്ഷിതാക്കൾ അറിയുന്നത്. ഇന്നലെ രാവിലെ ഫാർമസിസ്റ്റിനെതിരെ ആശുപത്രി സൂപ്രണ്ടിനും മലയിൻകീഴ് പൊലീസ് സ്‌റ്റേഷനിലും വീട്ടുകാർ പരാതി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജലി അന്വേഷണവിധേയമായി താത്കാലിക ഫാർമസിസ്റ്റ് സലീലയെ ജോലിയിൽ നിന്നും മാറ്റി. കഴിഞ്ഞ ആഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്പ്പിനെ തുടർന്ന് യുവതി മരിയ്ക്കാനിടയായത് ഏറെ വിവാദമുണ്ടായിരുന്നു.