ശംഖുംമുഖം: വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പിടിലാകുന്നവരുടെ വിവരങ്ങൾ പുറത്ത് വിടാതെ എയർകസ്റ്റംസ് വിഭാഗം സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നതായി ആരോപണം.വിദേശത്ത് നിന്ന് കോടികളുടെ സ്വർണം കടത്തുന്നവർ എയർകസ്റ്റംസിന്റെ പിടിയിലാകുമ്പോൾ ഇവരെക്കുറിച്ചുള്ള വിവരങ്ങളും പിടികൂടുന്ന സ്വർണത്തിന്റെ തൂക്കവും

ഉൾപ്പെടെയുള്ള വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറാറുണ്ട്.എന്നാൽ സമീപകാലത്തായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇത്തരം വിവരങ്ങൾ അധികൃതർ പുറത്തുവിടാറില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ യുവതിയിൽ നിന്ന് അരക്കോടിയോളം വിലവരുന്ന സ്വർണവും കാസർകോട് സ്വദേശിയിൽ നിന്ന് ലക്ഷത്തിലധികം വിലവരുന്ന വിദേശനിർമ്മിത വ്യാജ സിഗരറ്റുകളും എയർകസ്റ്റംസ് പിടികൂടിയിരുന്നെങ്കിലും അതും മറച്ചുവച്ചു.

അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ പിടിയിലാകുന്നവരുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടാറുണ്ട്. സ്വർണക്കടത്തിന് പിടിക്കപ്പെടുന്നവരുടെ വിവരങ്ങൾ പുറത്ത് വരുന്നതിനാൽ അടുത്തിടെ സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരാകാൻ നിൽക്കുന്നവർ മടിക്കുകയും പിന്തിരിയുകയും ചെയ്തിരുന്നു. പിന്നാലെ എയർകസ്റ്റംസിന് മേൽ സമ്മർദ്ദം ചെലുത്തിയാണ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതെന്നാണ് ആക്ഷേപം.