തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് നഗരത്തിൽ നിറുത്തിവച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത് വൈകുന്നു. ആൽത്തറ - മേട്ടുക്കട റോഡിൽ പൊട്ടിയ പ്രധാന പൈപ്പ് ലൈൻ ഭാഗികമായി പരിഹരിച്ചെങ്കിലും 9ഓളം ഇടറോഡുകളിലേക്കുള്ള കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനമാണ് വൈകുന്നത്. ഇതിന് രണ്ടോ മൂന്നോ ദിവസം വേണ്ടിവരുമെന്നാണ് സൂചന.

സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണത്തിനിടെ ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള ഭാഗത്തെ പ്രധാന പൈപ്പ് ലൈൻ റോഡിന്റെ ഇരുവശത്തേക്ക് മാറ്റിയെങ്കിലും വെള്ളയമ്പലം മാനവീയം വീഥിയിൽ പഴയ 400 എം.എം സിമന്റ് പൈപ്പ് പൊട്ടിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇതോടെ നഗരത്തിലെ മിക്ക ഭാഗത്തേക്കുമുള്ള കുടിവെള്ള വിതരണം നിറുത്തിവയ്ക്കുകയായിരുന്നു. പഴയ കോൺക്രീറ്റ് പൈപ്പിന്റെ പാർട്സുകൾ പെട്ടെന്ന് ലഭ്യമല്ലാത്തതിനാൽ പൈപ്പിനുള്ളവ പുതിയതായി നിർമ്മിച്ച് ഘടിപ്പിക്കുന്നതിനാലാണ് പണി നീളുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.

അതേസമയം, റോഡിന്റെ ഇരുവശങ്ങളിലുള്ള പുതിയ പൈപ്പ് ലൈനുകളിൽ നിന്ന് ഇടറോഡുകളിലേക്ക് ചാർജ് ചെയ്യുന്നത് തുടരുകയാണെന്നും 13 റോഡുകളിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇനിയുള്ളത്

കോട്ടൺഹിൽ,ആകാശവാണി,അനിരുദ്ധൻ റോഡ്,മേട്ടുക്കട ജംഗ്ഷൻ,ഗണപതി കോവിൽ റോഡ്, ബേക്കറി ജംഗ്ഷനിലേക്കുള്ള വിമെൻസ് കോളേജ് റോഡ്,തൈക്കാട് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള റോഡ് തുടങ്ങിയിടത്തേക്കുള്ള കുടിവെള്ള വിതരണമാണ് പുനഃസ്ഥാപിക്കാനുള്ളത്.ഇതിനുള്ള പ്രവർത്തനം ഏഴോളം ടീമുകളുടെ നേതൃത്വത്തിൽ തുടരുകയാണെന്നും വൈകാതെ കുടിവെള്ള വിതരണം സാധാരണ നിലയിലെത്തുമെന്നും അധികൃതർ പറഞ്ഞു.

അറ്റകുറ്റപ്പണി നീട്ടിവച്ചു

പേരൂർക്കടയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ്‌ ലൈനിൽ അമ്പലമുക്ക്‌ ജംഗ്ഷന് സമീപം രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായി ഇന്നലെ രാത്രി 10ന് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണി നാളത്തേക്കു മാറ്റി. ഈ സാഹചര്യത്തിൽ പേരൂർക്കട,ഊളംപാറ,കുടപ്പനക്കുന്ന്‌,അമ്പലമുക്ക്‌,മുട്ടട,പരുത്തിപ്പാറ,കേശവദാസപുരം, നാലാഞ്ചിറ,ഉള്ളൂർ,ജവഹർ നഗർ,വെള്ളയമ്പലം,കവടിയാർ,കുറവൻകോണം,നന്തൻകോട്‌,പട്ടം, പ്ലാമൂട്,മുറിഞ്ഞപാലം, ഗൗരീശപട്ടം,മെഡിക്കൽ കോളേജ്‌,കുമാരപുരം എന്നിവിടങ്ങളിൽ നാളെ രാത്രി 10 മുതൽ വ്യാഴാഴ്ച വൈകിട്ട് 6 വരെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി നോർത്ത്‌ സബ്‌ ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.