തിരുവനന്തപുരം: അമൃത് പദ്ധതിയിൽ ഉൾപ്പെട്ട സ്വീവേജ് ലൈൻ സമയപരിധിയിൽ പൂർത്തിയാക്കാത്തതിനെ തുടർന്ന് കേന്ദ്രസർക്കാർ ഫണ്ട് മരവിപ്പിച്ചതോടെ പദ്ധതിക്കായി ഇനി നഗരസഭ പണം കണ്ടെത്തണം. അമൃത് 1.0 പദ്ധതിക്കായി 5.36 കോടി രൂപയാണ് വേണ്ടത്.

പദ്ധതി വിഹിതമായി ലഭിച്ച 19 കോടി രൂപയും ഇതിനൊപ്പം വിനിയോഗിക്കും. കഴിഞ്ഞ മാർച്ചിൽ കാലാവധി അവസാനിച്ച ശേഷം അമൃത് 2.0 പദ്ധതി തുടങ്ങുകയും ചെയ്‌തിരുന്നു. അമൃത് 1.0നായി അഞ്ചുവർഷമാണ് നീട്ടിനൽകിയത്. കരിമണലിലെ പദ്ധതിക്കായി കരാറുകാരെ ലഭിക്കാൻ വൈകിയതോടെ അഞ്ചായി ഭാഗിച്ചാണ് ടെൻഡർ നൽകിയത്. അരശുംമൂട് മുതൽ കരിമണൽ വരെ പമ്പിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനും മാൻഹോൾ നിർമ്മിക്കുന്നതുമായിരുന്നു പദ്ധതി.

ദേശീയപാത 66ന് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതിനാൽ പദ്ധതി വീണ്ടും ഭാഗിച്ചു. തനത്,പ്ലാൻ ഫണ്ടുകളിൽ നിന്നാണ് ഇനി പണം കണ്ടെത്തേണ്ടത്. നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ നിന്ന് തുക കണ്ടെത്താനാണ് ശ്രമം. ഇത്തരത്തിൽ പദ്ധതി സമർപ്പിച്ചാൽ ആഗസ്റ്റിൽ അനുമതി നേടാമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ തുക ലഭിക്കാൻ അടുത്ത സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടി വരും. 2024-25 സാമ്പത്തിക വർഷത്തിലെ പ്രോജക്ട് ചർച്ച ചെയ്യുന്നത് നഗരസഭ താത്കാലികമായി പിൻവലിച്ചു.