തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോയിൽ വനിതകൾക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കുമായി ശീതീകരിച്ച വിശ്രമ കേന്ദ്രമൊരുങ്ങി. കെ.എസ്.ആർ.ടി.സിയും വിവോ കമ്പനിയും സംയുക്തമായാണ് എൻക്വയറി സെന്ററിന് സമീപത്തായി വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ എ.സി വിശ്രമകേന്ദ്രമാണിത്. വിവോ കമ്പനിയുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാർ മാത്രം ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.
ഒരു മണിക്കൂറിന് 20 രൂപയാണ് ചാർജ്. 33 സീറ്റുകളാണുള്ളത്. സ്ത്രീകൾക്കായി പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്. അങ്കമാലി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വിശ്രമകേന്ദ്രങ്ങൾ കെ.എസ്.ആർ.ടി.സി സജ്ജീകരിക്കുമെന്ന് അറിയിച്ചു. ഇന്നലെ മന്ത്രി കെ.ബി.ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.