തിരുവനന്തപുരം: നൈറ്റ് ലൈഫ് ആസ്വദിക്കാൻ നഗരത്തിലേക്ക് വരൂ, കാഴ്ചകൾ കണ്ട് മടങ്ങാം എന്നാണ് സഞ്ചാരികളെയും നാട്ടുകാരെയുമൊക്കെ തിരുവനന്തപുരം നഗരത്തിലേക്ക് ക്ഷണിച്ച് അധികൃതർ പറയുന്നത്. എന്നാൽ, കാഴ്ച കണ്ട് രാത്രിയിൽ മടങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസ് കാത്തുനിൽക്കുന്നവർ പറയുന്നത്. കാരണം, നഗരത്തിൽ നിന്നുള്ള ബസ് സർവീസുകൾ രാത്രിയിൽ നിറുത്തിവയ്ക്കുകയാണെന്നാണ് പരക്കെയുള്ള പരാതി. രാത്രി 8 കഴിഞ്ഞാൽ നഗരത്തിൽ നിന്ന് മിക്കയിടത്തേക്കും ബസ് സർവീസുകളുണ്ടാകാറില്ല.
വെഞ്ഞാറമൂട്,ആറ്റിങ്ങൽ,നെടുമങ്ങാട്,നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെയുള്ള ദീർഘദൂര സർവീസുകൾ ഒഴിച്ചാൽ തിരുവനന്തപുരത്തെ മിക്ക സ്ഥലങ്ങളിലേക്കും രാത്രി യാത്ര ദുഷ്കരമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ നഗരത്തിലെത്തി തിരികെ പോകാറുണ്ടെങ്കിലും രാത്രി എട്ടോടെ സർവീസുകൾ അവസാനിപ്പിക്കും.
പാറശാല,വെള്ളറട,പൂവാർ,പാപ്പനംകോട്,വിഴിഞ്ഞം,നെടുമങ്ങാട്,വിതുര,വെഞ്ഞാറമൂട്,കിളിമാനൂർ,കണിയാപുരം എന്നീ സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകളുണ്ടെങ്കിലും രാത്രിയാത്രയ്ക്കായി പ്രത്യേക ക്രമീകരണങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല.
ജോലി കഴിഞ്ഞ് രാത്രി 8നുശേഷം ഇറങ്ങുന്നവർ മിക്കപ്പോഴും വഴിയിൽ കുടുങ്ങുകയാണ്.അല്ലെങ്കിൽ ഓട്ടോ - ടാക്സികളെ ആശ്രയിക്കണം.കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ യാത്രക്കാർക്ക് നഗരത്തിലെത്താൻ ബസ് സൗകര്യമില്ലാത്തതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അതിനും ഇതുവരെ പരിഹാരമായിട്ടില്ല.
രാത്രി സർവീസില്ല
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ നൂറോളം ബസുകൾ കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവയും രാത്രിയിൽ സർവീസ് നടത്താറില്ല.തമ്പാനൂർ - സെൻട്രൽ റെയിൽവേ സ്റ്റേഷൻ - വിമാനത്താവളം എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂറും സർവീസ് നടത്തുന്നതിനായി എയർ - റെയിൽ ചെയിൻ സർവീസ് നടത്തുന്നുണ്ടെങ്കിലും അവയും മിക്കപ്പോഴും രാത്രിയിൽ സർവീസ് മുടക്കുകയാണെന്നാണ് ആക്ഷേപം.
നഗരക്കാഴ്ചയ്ക്കിറങ്ങുന്നവരും കുടുങ്ങും
നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നഗരക്കാഴ്ചകൾക്കായി കെ.എസ്.ആർ.ടി.സി രണ്ട് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അതിലെത്തുന്നവർക്ക് മടക്കയാത്രയ്ക്ക് സൗകര്യമില്ലാത്തത് ആളുകളെ വലയ്ക്കുന്നുണ്ട്.സ്വന്തമായി വാഹനമുള്ളവരും നേരത്തെ വാഹനം ക്രമീകരിച്ചവർക്കും മാത്രമേ നഗരക്കാഴ്ച കണ്ട് രാത്രിയിൽ മടങ്ങാനാകൂവെന്നാണ് സഞ്ചാരികളുടെ പരാതി.