തിരുവനന്തപുരം: ഓരോ മഴക്കാലവും അമ്പൂരിക്കാർക്ക് നൽകുന്നത് തീരാവേദനയുടെ ഓർമ്മകളാണ്. 23 വർഷം മുൻപ് 39 പേരുടെ ജീവനെടുത്ത പെരുമഴക്കാലം. 2001 നവംബർ ഒൻപത് വെള്ളിയാഴ്ച. തകർത്തു പെയ്ത തുലാമഴയിൽ കേരളം നടുങ്ങിപ്പോയ രാത്രിയായിരുന്നു അത്. കുരിശുമലയുടെ താഴ്‌വാരത്തെ പൂച്ചമുക്കിലെ നാല് വീടുകളാണ് തകർന്നത്.
രാത്രി എട്ടേകാലോടെ ബോംബ് പൊട്ടുന്നതു പോലെ ശബ്ദം ഉയർന്നു. മലഞ്ചെരുവിൽ നിന്ന് വലിയ പാറകളും മണ്ണും താഴേക്ക് ഒലിച്ചിറങ്ങി. ഉരുൾ വന്ന വഴിയിലെ മരങ്ങളെല്ലാം ഇവയ്ക്കൊപ്പം താഴേക്കൊഴുകി. ശബ്ദം കേട്ടതെവിടെയെന്ന് കാതോർക്കുന്നതിനിടയിൽ അവരുടെ വീടുകൾക്ക് മീതെ മണ്ണ് വന്നടിഞ്ഞു.
മദ്ധ്യതിരുവിതാംകൂറിൽ നിന്നു കുടിയേറിയ സി.ഡി.തോമസ് എന്ന കർഷകന് തന്റെ ജീവനല്ലാതെ മറ്റൊന്നും ദുരന്തം ബാക്കി നൽകിയില്ല. ഭാര്യയും മക്കളും മരുമകനും കൊച്ചുമക്കളും മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ ഉൾപ്പെടെ 24 പേരെയാണ് നഷ്ടമായത്. തോമസിന്റെ മകൻ ബിനുവിന്റെ മനസമ്മതം കൂടാനെത്തിയവരായിരുന്നു അപ്രതീക്ഷിത ദുരന്തത്തിൽപ്പെട്ടത്.
തോമസിന്റെ ഭാര്യ ലീലാമ്മ, പിറ്റേന്ന് മനസമ്മതം കുറിക്കാനിരുന്ന മകൻ ബിനു, പൂനെയിൽ നിന്ന് എത്തിയ മകൾ ബീന, ഭർത്താവ് റോമിയോ, ഇവരുടെ മക്കളായ ഫെലിക്സ് , ലിയോൺ , കാഞ്ഞിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് എത്തിയ ബന്ധുക്കൾ എന്നിവരെ ദുരന്തം അപഹരിച്ചു. തോമസിന്റേതടക്കം നാല് വീടുകൾ കുത്തൊഴുക്കിൽ തകർന്നു. ഒരു പ്രദേശമാകെ മണ്ണിൽ പുതഞ്ഞു.
നാട്ടുകാർ സ്വന്തം ജീവൻ പോലും അവഗണിച്ച് തെരച്ചിലിൽ പങ്കാളികളായി. ചെളിയിൽ പുതഞ്ഞു കിടക്കുന്ന മൃതദേഹങ്ങൾ ഓരോന്നും കണ്ടെടുക്കുമ്പോൾ നിലവിളികളുയർന്നു. ഇടിഞ്ഞുവീണ വീടിന്റെ കോൺക്രീറ്റിന്റെ വിടവിൽ കഴുത്തറ്റം ചെളിയിൽ പുതഞ്ഞു ബോധരഹിതനായി കിടന്ന തോമസിനെ ,നാട്ടുകാരനായ ജയമോഹൻ ഇറങ്ങി മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് പുറത്തെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ നാല് ദിവസം കഴിഞ്ഞേ തോമസിന് ബോധം തെളിഞ്ഞുള്ളൂ.