nirdhishtta-melppalam

ആറ്റിങ്ങൽ: ദേശീയപാതയിലെ രാമച്ചംവിളയിൽ ഓവർബ്രിഡ്ജിന്റെ പണികൾ ആരംഭിച്ചിട്ടില്ലെന്ന് പരാതി. മാമത്ത് നിന്നാരംഭിക്കുന്ന ബൈപ്പാസ് റോഡിലെ രാമച്ചംവിള ഭാഗത്തെ ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിനായി റോഡടച്ച് വാഹനങ്ങൾ വഴി തിരിച്ചു വിടാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.

ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള സ്ഥലത്തിന് ഇരുവശങ്ങളിലും 25 അടിയിലധികം താഴ്ചയിൽ മണ്ണെടുത്തെങ്കിലും മറ്റൊന്നും നടന്നില്ല.മണ്ണിടിച്ച് പൂർണമായി നീക്കം ചെയ്യാതെ പാലത്തിന്റെ പണികൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

താത്കാലികമായി ഒരുക്കിയിരിക്കുന്ന വീതി കുറഞ്ഞ റോഡിൽ ഒരു വശത്ത് കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്പിവേലി കഴിഞ്ഞാൽ ബൈപ്പാസിനെടുത്ത ആഴമുള്ള കുഴിയാണ്. മാസങ്ങളായി പെയ്യുന്ന മഴയിൽ സൈഡ് റോഡുകളുടെ മൺഭിത്തിയിൽ ഇതിനകം ചെറിയ തോതിൽ മണ്ണിടിച്ചിലും ആരംഭിച്ചിട്ടുണ്ട്. ഭാരം കയറ്റിയ ലോറികളും ബസുകളും ഇതുവഴി പോകുമ്പോൾ കുലുക്കമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ആഴത്തിൽ മണ്ണെടുത്ത് കൈവരികൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ തുടർന്നാൽ മണ്ണിടിച്ചിൽ വ്യാപകമാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

'യു' റോഡ്

അപകടക്കെണിയാകുന്നു

തിരക്കേറിയ ആറ്റിങ്ങൽ - ശാർക്കര - ചിറയിൻകീഴ് റോഡിൽ നിത്യവും നൂറുകണക്കിന് വാഹനങ്ങൾക്ക് കടന്നുപോകാൻ ചെറിയ റോഡാണ് പാലത്തിനിരുവശങ്ങളിലും അധികൃതർ ഒരുക്കിയിരിക്കുന്നത്. പോകുന്നതിനും തിരിച്ചുവരുന്നതിനുമായി യു ആകൃതിയിൽ രണ്ട് റോഡുകൾ താത്കാലികമായി നിർമ്മിച്ചെങ്കിലും വീതി കുറഞ്ഞ റോഡ് അപകടകരമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

തെരുവു വിളക്കുമില്ല

വീതി കുറഞ്ഞ റോഡിൽ അപ്രതീക്ഷിത മണ്ണിടിച്ചിലുണ്ടായാൽ വൻ അപകടങ്ങൾക്ക് കാരണമാകും. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് താത്കാലിക റോഡുകളിൽ ഒരിടത്തുപോലും തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇത് രാത്രികാല യാത്ര ദുഃസഹവും അപകടകരവുമാക്കുന്നു.

റോഡ് വേണം

നിർദ്ദിഷ്ട ഓവർബ്രിഡ്ജ് നിർമ്മിക്കുന്ന സ്ഥലത്തെ റോഡ് നിലനിറുത്തിയിരുന്നെങ്കിൽ ഈ മേഖലയിലെ യാത്രാദുരിതം ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ശാർക്കര ക്ഷേത്രത്തിലെത്താനുള്ള പ്രധാന റോഡു കൂടിയാണിത്.