തിരുവനന്തപുരം: വയനാട്ടിൽ സാദ്ധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൃദയഭേദകമായ ദുരന്തമാണ് മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. 93 മൃതദേഹങ്ങൾ ഇന്നലെ അഞ്ചുമണിവരെ കണ്ടെത്തി. മരണസംഖ്യ ഉയർന്നേക്കാം. മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽപെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും.
128പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. 16ഓളം മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ മാത്രമായും കണ്ടെത്തിയിട്ടുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കും. വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3069പേരെ മാറ്റിപ്പാർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് എന്നിവരുൾപ്പെടെ നേരിട്ട് വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങിയവരും വിളിച്ച് ഒന്നിച്ചു പ്രവർത്തിക്കാം എന്നു പറഞ്ഞിട്ടുണ്ട്.
ഏകോപനത്തിന്
അഞ്ച് മന്ത്രിമാർ
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അഞ്ചു മന്ത്രിമാരെ നിയോഗിച്ചു. സൈന്യത്തിന്റെ സഹായമുൾപ്പെടെ ആവശ്യമായ സജ്ജീകരണങ്ങളോടെ രക്ഷാപ്രവർത്തനം നടക്കുന്നു. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, പൊലീസ് തുടങ്ങിയ സേനകൾ യോജിച്ച് പ്രവർത്തിക്കുന്നു. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തുന്നുണ്ട്. ഫയർഫോഴ്സിൽ നിന്ന് 329 അംഗങ്ങളെ വിവിധ ജില്ലകളിൽ നിന്നായി നിയോഗിച്ചു.
സഹായിക്കാൻ
ഒരുമിച്ച് ഇറങ്ങാം
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പലവിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിലേ ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണം. കേരള ബാങ്ക് 50 ലക്ഷം നൽകി. സിയാൽ 2 കോടി വാഗ്ദാനം നൽകി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.