
തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കസ്റ്റഡിയിൽ. ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലം ഭാഗത്തുള്ള ആശുപത്രിയിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശി ദീപ്തിമോൾ ജോസ് ആണ് പിടിയിലായത്. ശംഖുംമുഖം അസി.കമ്മിഷണർ ഓഫീസിലെത്തിച്ച ഇവരെ വിശദമായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. സൗഹൃദങ്ങളെ തുടർന്നുള്ള കുടുംബപ്രശ്നങ്ങളും വ്യക്തിവിരോധങ്ങളുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കസ്റ്റഡിയിലുള്ള ഡോക്ടർ മൊഴിനൽകിയതായാണ് വിവരം. ഷിനിയും ഭർത്താവ് സുജിത്തുമായും വനിതാ ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നു. ഷിനിയുടെ ഭർത്താവുമായുള്ള വിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതിൽ ഷിനിയും ഇടപെട്ടതോടെ വൈരാഗ്യം ഷിനിയിലേക്കായി.
ഇരുവരും തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചിരുന്നതായും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട തയ്യാറെടുപ്പിനു ശേഷമായിരുന്നു കൃത്യത്തിനെത്തിയത്. വെടിവയ്ക്കാൻ ഉപയോഗിച്ച എയർപിസ്റ്റൾ ഓൺലൈനായാണ് വാങ്ങിയതെന്നും സമ്മതിച്ചു. പിടിയിലായതോടെ പൊട്ടിക്കരഞ്ഞ വനിതാഡോക്ടർ ഏറെ നേരത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ദേഷ്യവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലായിരുന്നു ഡോക്ടറുടെ മറുപടികൾ.
പടിഞ്ഞാറേകോട്ട ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലൈൻ പങ്കജിൽ വി.എസ്.ഷിനിയെ ഞായറാഴ്ച രാവിലെയാണ് മുഖംമറച്ചെത്തിയ സ്ത്രീ വെടിവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെലേറിയോ കാറിൽ പ്രതി വന്നതും പോയതും പാരിപ്പള്ളിയിലൂടെയാണെന്ന് കണ്ടെത്തി. പാരിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ കാർ കുളമടയിലെത്തിയെന്നും കണ്ടെത്തി. ഇടറോഡുകളിലൂടെ കാർ ആശുപത്രിക്കു സമീപം എത്തിയെന്നും വ്യക്തമായി. ഫോണിന്റെ ടവർ ലൊക്കേഷനും പൊലീസിനെ സഹായിച്ചു. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം ഉൾപ്പെടെ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷനിൽ പി.ആർ.ഒ ആയ ഷിനിയെ ഞായറാഴ്ച രാവിലെ 8.30തോടെയാണ് കൊറിയർ നൽകാനെന്ന പേരിൽ പ്രതി അന്വേഷിച്ചെത്തിയത്. ഭർതൃപിതാവ് ഭാസ്കരൻ നായരുടെ മുന്നിൽ വച്ചാണ് വെടിവച്ചത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷിനിയെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. വ്യക്തിപരമായ കാര്യങ്ങളാണ്. ചില ബന്ധങ്ങളെ തുടർന്നുള്ള പ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചത്.
-ജി.സ്പർജൻ കുമാർ
സിറ്റി പൊലീസ് കമ്മിഷണർ
തിരുവനന്തപുരം