തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാസർകോട് മുതൽ ഇടുക്കി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്,തൃശൂർ,പാലക്കാട്,മലപ്പുറം, പത്തനംതിട്ട,കണ്ണൂർ,എറണാകുളം,വയനാട്,കോഴിക്കോട്,ഇടുക്കി,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇന്ന് മുതൽ ആഗസ്റ്റ് രണ്ടുവരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തിയതി അറിയിക്കും. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.