തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താത്കാലിക ആശുപത്രികൾ സജ്ജമാക്കുകയും അധികമായി ആരോഗ്യപ്രവർത്തകരെ നിയോഗിക്കുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം(ആർ.ആർ.ടി) യോഗത്തിലാണ് തീരുമാനം.
ഓരോ ക്യാമ്പിലും ഒരു ആരോഗ്യപ്രവർത്തകന് ചുമതല നൽകും. പകർച്ചവ്യാധി പ്രതിരോധിക്കാൻ നടപടിയെടുക്കും. മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധനകൾ നടത്തും. അധിക മോർച്ചറിയും മൊബൈൽ മോർച്ചറിയും ക്രമീകരിച്ചു. ഗർഭിണികളുടെയും കുട്ടികളുടേയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. വയനാട്ടിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടറെ നിയോഗിച്ചു. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്കാലിക ക്ലിനിക്ക് സജ്ജമാക്കി. കോഴിക്കോട്ട് നിന്നുള്ള രണ്ടു സംഘം സ്ഥലത്തെത്തി.
അവധിയിലുളള ആരോഗ്യപ്രവർത്തകരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. കനിവ് 108 ആംബുലൻസുകൾ അധികമായി എത്തിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിലും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ടെലിഫോൺ വഴിയുള്ള കൗൺസലിങ്ങിനും മാനസികാരോഗ്യ സേവനങ്ങൾക്കുമായി ടെലിമനസ് ശക്തിപ്പെടുത്തി. ടെലിമനസ് ടോൾഫ്രീ നമ്പർ(14416) സേവനം 24 മണിക്കൂറും ലഭ്യമാണ്. സ്റ്റേറ്റ് കൺട്രോൾ റൂം ഫോൺ 0471 2303476,0471 2300208.