നെടുമങ്ങാട്: പഴയ ബസുകൾ ഡിസ്‌പ്ളേയാക്കി ഫുഡ് കോർട്ട് ആൻഡ് ഷോപ്പ് ഔട്ട്ലെറ്റ് തുറക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നടപടി പാളിപ്പോയി. ഫുഡ് കോർട്ടിനു വേണ്ടി നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ പ്രവേശന ഭാഗത്ത് സജ്ജീകരിച്ച ബസ് ഒന്നര വർഷത്തിനു ശേഷം അധികൃതർ തന്നെ നീക്കി. പദ്ധതി ആവിഷ്കരിച്ച കെ.എസ്.ആർ.ടി.സി മുൻ എം.ഡി ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ഫുഡ്കോർട്ട് ആവിയായത്.
പദ്ധതി നടത്തിപ്പിനായി സർക്കാർ, സ്വകാര്യ സംരംഭകരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കാൻ അധികാരികളിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും നെടുമങ്ങാട് ഡിപ്പോ അധികൃതർ അനങ്ങിയിരുന്നില്ല. ഇതര സംസ്ഥാന കച്ചവടക്കാർ ബസിന്റെ മറപറ്റി അനധികൃത വ്യാപാരം തുടങ്ങുകയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സ്വകാര്യ ഇടമായി മാറ്റുകയും ചെയ്തതോടെ നഗരമുഖം വികൃതമായിരുന്നു. ഫുഡ് കോർട്ട് വന്നതുമില്ല. ഇതിനായുള്ള ബസ് പൊല്ലാപ്പായി എന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് നെടുമങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകൻ നഗരസഭ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പദ്ധതി സംബന്ധിച്ച് വിവരാവകാശം സമർപ്പിച്ചിരുന്നു.
വഴിമുടക്കിയായ 'ഫുഡ് കോർട്ട് ബസ്
പദ്ധതി മുടങ്ങിയ സാഹചര്യത്തിൽ വഴിമുടക്കിയായ 'ഫുഡ് കോർട്ട് ബസ്" ഇവിടെ നിന്ന് നീക്കം ചെയ്യാൻ പൊലീസിന് നിർദേശം നൽകിയതായാണ് ഇൻഫർമേഷൻ ഓഫീസർ ആൻഡ് സൂപ്രണ്ട് എസ്.സുനിൽകുമാർ നൽകിയ മറുപടി. അനധികൃത പാർക്കിംഗ് കണക്കിലെടുത്ത് വഴിമുടക്കി ആനവണ്ടി അടിയന്തരമായി മാറ്റുന്നതിന് നഗരസഭ നൽകിയ നിർദേശം ഒന്നരവർഷത്തിന് ഒടുവിലാണ് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് നടപ്പാക്കിയത്. മാർഗതടസം നീങ്ങിയെങ്കിലും പ്രദേശമാകെ മാലിന്യം നിറഞ്ഞു കിടപ്പാണ്. ഇവിടം ശുചീകരിച്ച് ഇരുചക്ര വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.