തിരുവനന്തപുരം: ആൽത്തറ - മേട്ടുക്കട ഭാഗത്തെ പൊട്ടിയ പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നീളുന്നതുമൂലം കുടിവെള്ളം കിട്ടാതെ ജനം വലയുന്നു. കുടിവെള്ള വിതരണം നിറുത്തിവച്ചിട്ട് നാലിലേറെ ദിവസമായതോടെ സംഭരിച്ചുവച്ച വെള്ളവും തീർന്നു. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ആൽത്തറ - മേട്ടുക്കട റോഡിൽ പൊട്ടിയ പ്രധാന പൈപ്പ് ലൈൻ ഭാഗികമായി നന്നാക്കിയെങ്കിലും 9ഓളം ഇടറോഡുകളിലേക്കുള്ള കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 13 ഇടറോഡുകളിലേക്കുള്ള പ്രവർത്തനം പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കോട്ടൺഹിൽ സ്കൂളിന് മുൻവശത്തുള്ള ഭാഗത്ത് റോഡ് കുഴിച്ചുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് കുഴിക്കുന്ന കാര്യത്തിൽ ട്രാഫിക് പൊലീസും കെ.എസ്.ഇ.ബിയും ചില തടസങ്ങൾ ഉന്നയിച്ചത് പരിഹരിച്ചു. ഇവിടുത്തെ പണി ഉടൻ പൂർത്തിയാക്കാനാകും. ഇടറോഡുകളിലേക്കുള്ള പ്രവർത്തനങ്ങൾ വൈകാതെ തീരുമെന്നും അധികം കാലതാമസമില്ലാതെ കുടിവെള്ള വിതരണം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണത്തിനിടെ ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള ഭാഗത്തെ പ്രധാന പൈപ്പ് ലൈൻ റോഡിന്റെ ഇരുവശത്തേക്ക് മാറ്റിയെങ്കിലും വെള്ളയമ്പലം മാനവീയം വീഥിയിൽ പഴയ 400 എം.എം സിമന്റ് പൈപ്പ് പൊട്ടിയതാണ് പ്രതിസന്ധിയായത്.