തിരുവനന്തപുരം: പടിഞ്ഞാറെകോട്ടയിൽ വീട്ടമ്മയെ വീട്ടിലെത്തി എയർഗൺ കൊണ്ട് വെടിവച്ച സംഭവത്തിൽ വനിതാ ഡോക്ടർ ദീപ്തി മോൾ ജോസിലേക്ക് പൊലീസിനെ എത്തിച്ചത് സി.സി ടിവി ദൃശ്യങ്ങളും ഫോൺ കാളുകളും. ആരെയും സംശയമില്ലെന്നും ആർക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചില്ല.

സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുടുംബപ്രശ്നമാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. ഒരേസമയം സി.സി ടിവികൾ,​ മൊബൈൽ ഫോൺ ടവറുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഷിനി,​ ഭർത്താവ് സുജിത്ത്,​ ഇരുവരുടെയും മാതാപിതാക്കൾ എന്നിവരുടെ നമ്പരുകൾ ശേഖരിച്ചു. ഷിനിയുടെയും സുജിത്തിന്റെയും ഫോൺ കാളുകളാണ് പ്രധാനമായും പരിശോധിച്ചത്. സംഭവത്തിന് മുമ്പും തലേന്നും ഇരുവരും പലതവണ സംസാരിച്ച നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. പൊലീസ് ഇവരുടെ ഫോണുകളും വാങ്ങി പരിശോധിച്ചിരുന്നു.

ആദ്യം അന്വേഷണസംഘം ശ്രീകാര്യത്തും കരുനാഗപ്പള്ളിയിലും കേന്ദ്രീകരിച്ചെങ്കിലും അതിവേഗം അതല്ല സ്ഥലമെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് പാരിപ്പള്ളിക്കും കൊല്ലത്തിനുമിടിയിലേക്ക് അന്വേഷണമെത്തിയത്. കൃത്യത്തിനുശേഷം പ്രതി സഞ്ചരിച്ച കാർ പാരിപ്പള്ളിയിൽ നിന്ന് ആദ്യമണിക്കൂറുകളിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. പാരിപ്പള്ളിയിൽ നിന്ന് കാർ കുളമട ഭാഗത്തേക്ക് പോയെന്നും വ്യക്തമായി. ഓയൂരിൽ നിന്ന് അടുത്തിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലം ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തിലെ പ്രതികൾ പോയ റൂട്ടായിരുന്നു ഇത്. സി.സി ടിവി ക്യാമറകൾ ഈ റൂട്ടിൽ കുറവായതിനാൽ പെട്ടെന്ന് പൊലീസിന്റെ നിരീക്ഷണത്തിൽ വരില്ല. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും നിരവധി ക്യാമറകൾ പരിശോധിച്ചാണ് ഇന്നലെ രാവിലെ ദീപ്തിയിലേക്ക് അന്വേഷണ സംഘം എത്തിയത്.