വിതുര: മലയോരമേഖലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി അടച്ചിടുമെന്ന് ഡിവിഷണൽഫോറസ്റ്റ് ഒാഫീസർ അറിയിച്ചു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടേതാണ് നിർദ്ദേശം. മഴ മൂലം അടച്ചിട്ടിരുന്ന പൊൻമുടി ഒരാഴ്ച മുൻപാണ് തുറന്നത്. രണ്ട് മാസത്തിനിടയിൽ പത്ത് തവണയാണ് മഴയെ തുടർന്ന് പൊൻമുടി അടച്ചത്.
മഴ കോരിച്ചൊരിയുന്ന സാഹചര്യത്തിൽ ഒരാഴ്ചയായി പൊൻമുടി, കല്ലാർ, ബോണക്കാട്, പേപ്പാറ വനമേഖലകളിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. മഴ കോരിച്ചൊരിയുകയാണ്. മരങ്ങൾ കടപുഴകി, പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തു.
പേപ്പാറ ഡാം തുറന്നു
വാമനപുരം നദി നിറഞ്ഞൊഴുകുകയാണ്. നദികളിലെ പാലങ്ങളൊക്കെ വെള്ളത്തിൽ മുങ്ങുകയും ഗതാഗതതടസം നേരിടുകയും ചെയ്യുന്നു.
പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ പത്ത് സെന്റീമീറ്റർ വീതം വീണ്ടും ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും നൂറ് സെന്റീമീറ്ററിൽനിന്നും 150 സെന്റീമീറ്ററായി ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രതപുലർത്തണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.