anthiyoorkonam

മലയിൻകീഴ്: അന്തിയൂർക്കോണം കല്ലുവരമ്പ് റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ട് നാളുകൾ ഏറെയായി. കാൽനടപോലും സാദ്ധ്യമാകാതെ ചെളിക്കളമായ ഈ വഴി ഏറെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അന്തിയൂർക്കോണം വാർഡിലും മാറനല്ലൂർ പഞ്ചായത്തിലെ അഴകം വാർഡിലുൾപ്പെട്ട ഈ റോഡിനെ നിരവധിപേരാണ് ആശ്രയിക്കുന്നത്. അന്തിയൂർക്കോണം കാട്ടാക്കട- മലയിൻകീഴ് പ്രധാന റോഡിൽ നിന്നാണ് കല്ലുവരമ്പ് റോഡ് ആരംഭിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും തനത് ഫണ്ട് വിനിയോഗിച്ച് 5 വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡിപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. മഴപെയ്താൽ റോഡിന്റെ ചിലഭാഗങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കും.

 മഴപെയ്താൽ വെള്ളക്കെട്ട്

നെല്ലിക്കാട്- കണ്ടല വരെ കെ.എസ്.ആർ.ടി.സിയുടെ ബസ് സർവീസ് നടത്തുന്നുണ്ട്. എന്നാൽ റോഡിന്റെ തകർച്ചകാരണം പലപ്പോഴും സർവീസ് മുടങ്ങാറുമുണ്ട്. ബന്ധപ്പെട്ട അധികൃതർ റോഡ് നന്നാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്താലുടൻ ഈ റോഡിനിരുവശത്തും വെള്ളം ഒഴുകിയെത്തി റോഡ് തോടായി മാറും. പിന്നീടുള്ള നാട്ടുകാരുടെ യാത്ര വളരെ ദുരിതം പേറിയതാണ്.