തിരുവനന്തപുരം: പാർവതി പുത്തനാറിലെ കൈവരികൾ കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ.വർഷങ്ങൾക്ക് മുൻപ് കരിങ്കല്ലും കോൺക്രീറ്റും വച്ച് പണിത ഭിത്തി ഏഴോളം സ്ഥലങ്ങളിലായി പൂർണമായും തകർന്നു. നിയന്ത്രണം വിട്ട് പാർശ്വഭിത്തിയിൽ ഇടിക്കുന്ന വാഹനങ്ങൾ ഭിത്തിയും തകർത്ത് ആറ്റിൽ വീഴുന്ന സ്ഥിതിയാണ്.ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
പാർശ്വഭിത്തി നിർമ്മിച്ചശേഷം പന്ത്രണ്ടോളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പട്രോളിംഗിനിടെ നിയന്ത്രണം വിട്ട പേട്ട പൊലീസിന്റെ ജീപ്പ് പാർശ്വഭിത്തിയിൽ ഇടിച്ചു തകർന്ന് ആറ്റിൽ വീണു. വെള്ളം കുറവായതിനാൽ ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
2011ൽ നടന്ന രണ്ട് വാഹനാപകടങ്ങളിലായി പത്ത് കുരുന്നുകളുടെ ജീവനാണ് നഷ്ടമായത്.പാർവതി പുത്തനാറിന്റെ അപകട മേഖലയായ ഇവിടെ പാർശ്വഭിത്തി പണിയണമെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു കോടി മുടക്കിയാണ് ചാക്ക മുതൽ വാഴവിള പാലം വരെയുള്ള പാർശ്വഭിത്തി നിർമ്മിച്ചത്.
വേണം കരുത്തുറ്റ പാർശ്വഭിത്തി
2011ൽ പാർവതി പുത്തനാറിലേക്ക് വാഹനം നിയന്ത്രണം വിട്ട് 10 കുരുന്നുകളാണ് നഷ്ടമായത്. ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷി കരിക്കകം നിവാസികൾക്കില്ല. ഇനിയൊരാളുടെ ജീവൻ നഷ്ടമാകാതിരിക്കാൻ അടിയന്തരമായി നിലവിലെ അശാസ്ത്രീയമായി പണിതിരിക്കുന്ന പാർശ്വഭിത്തി പൂർണമായി മാറ്റി പുതിയ ഭിത്തി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകട ഭീഷണിയിലായ പാർശ്വഭിത്തി ഉടനടി നവീകരിക്കുകയും,കൂടാതെ പാർവതി പുത്തനാറിന്റെ മറുകരയിലും ഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.
കൗൺസിലർ ഡി.ജി.കുമാരൻ