wayanad

ഓരോ വർഷവും കടൽക്ഷോഭമുണ്ടാവുമ്പോൾ നിരവധി മത്സ്യത്തൊഴിലാളികൾക്ക് വീടുകളും ഭൂമിയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെടാറുണ്ട്. കുറെ ഭാഗങ്ങളിലെങ്കിലും ആൾക്കാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യവും ഉണ്ടാവാറുണ്ട്. കടലിന്റെ മക്കളുടെ ജീവിതരീതികളെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും തീർത്തും ബോദ്ധ്യമില്ലാത്ത പലരും ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. കടൽ ക്ഷോഭമുണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും എന്തിന് ഇവർ തീരദേശത്തു തന്നെ വീടുവച്ചു താമസിക്കുന്നുവെന്ന്. സത്യത്തിൽ എത്ര അർത്ഥശൂന്യമാണ് ഈ ചോദ്യം. കാരണം തീരദേശ ജനതയുടെ പ്രാണനും ജീവിതവും കടലും കടലമ്മ നൽകുന്ന തീരാ സമ്പത്തുമാണ്. കാറും കോളും മറ്റു പ്രതിബന്ധങ്ങളും വക വയ്ക്കാതെ ഓരോ ദിവസവും കടലിൽ പോയി അവർ വാരുന്ന മത്സ്യ സമ്പത്ത് കേരള ജനതയുടെ തീൻമേശയിലെ പ്രധാന വിഭവമാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തന്ന് സമ്പദ്ഘടനയെ നിലനിറുത്തുന്നതിൽ മത്സ്യബന്ധന മേഖലയ്ക്കുള്ള പങ്ക് വിസ്മരിക്കാനാവുമോ. തീരം വിട്ട് , നഗരങ്ങളിലോ മറ്ര് ഗ്രാമങ്ങളിലോ ഫ്ളാറ്റുകളിലോ പോയി ഈ കടലിന്റെ മക്കൾ വാസം തുടങ്ങിയാൽ എന്താവും അവസ്ഥ. അങ്ങനെയൊരു പറിച്ചു നടീലിന് കടലോര മക്കൾ സന്നദ്ധമാവില്ലെന്നത് വേറെ കാര്യം.

സമാനമാണ് മലയോര ജനതയുടെ ജീവിത സാഹചര്യവും. ഈ മേഖലയിൽ ജനിച്ചുവളർന്നവരും മറ്രു ദേശങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾക്കോ, പതിറ്റാണ്ടുകൾക്കോ മുന്നേ ഇവിടേയ്ക്ക് കുടിയേറി ജീവിതം പടുത്തുയർത്തിയവരുടെ പിന്മുറക്കാരുമാണ് ഇപ്പോൾ അവിടങ്ങളിൽ ജീവിക്കുന്നത്. മണ്ണിനോടും വന്യജീവികളോടും പ്രകൃതി ദുരന്തങ്ങളോടും പടവെട്ടിയാണ് മലയോരമേഖലയിലെ ഭൂരിപക്ഷം ജനങ്ങളും ജീവിതം കരുപ്പിടിപ്പിക്കുന്നത്. ചോര നീരാക്കി അവർ പടുത്തുയർത്തുന്ന ജീവിതസമ്പാദ്യമാണ് പ്രകൃതിക്ഷോഭമായി നൊടിയിടയ്ക്കുള്ളിൽ തരിപ്പണമാവുന്നത്.

കേരളം കണ്ട മഹാദുരന്തം

വയനാട്ടിൽ ഉണ്ടായത് സംസ്ഥാനത്തെ ആദ്യ ദുരന്തമല്ല. മുമ്പ് പെട്ടിമുടിയിലും കവളപ്പാറയിലും അമ്പൂരിയിലുമെല്ലാം ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭീകരത നമ്മൾ കണ്ടതാണ്. അതിനെക്കാളേറെ ആഘാതമേറിയതാണ് വയനാട് നേരിട്ട ദുരന്തം. ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരങ്ങൾ പ്രകാരം വയനാട്ടിൽ മരിച്ചവരുടെ എണ്ണം 254 കവിഞ്ഞു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രകൃതിയുടെ താണ്ഡവത്തെയും തീരുമാനങ്ങളെയും ചെറുക്കുക മനുഷ്യസാദ്ധ്യമല്ല. അതിനുള്ള ത്രാണിയൊന്നും നിലവിലെ സംവിധാനങ്ങൾക്കില്ല താനും. സാദ്ധ്യമായത് ഒരു കാര്യം മാത്രമാണ്. ഇത്തരം ദുരന്തമുഖങ്ങളിൽപ്പെടാതെ സഹജീവികളുടെ ജീവനുകളും ജീവിതവും എങ്ങനെ രക്ഷിക്കാനാവും എന്നതാണ് ചിന്തിക്കേണ്ടത്. അതിനുളള പോംവഴികളാണ് ആലോചിക്കേണ്ടത്. ഹൃദയഭേദകമായ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലവും വ്യാപ്തിയും പരിശോധിക്കുമ്പോഴാണ് നമുക്ക് നടുക്കമുണ്ടാവുന്നത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിലാണ് ദുരന്തം നടമാടിയത്. ഒരു പ്രദേശം തന്നെ പാടെ ഇല്ലാതായി. ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കായിരുന്നു ആദ്യ ഉരുൾപൊട്ടൽ. തുടർന്ന് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരൽമല, മുണ്ടക്കൈ റോഡ് ഒലിച്ചുപോവുകയായിരുന്നു. ഇവിടെയുള്ള വെള്ളാർമല ജി.വി.എച്ച് സ്‌കൂൾ പൂർണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകിയെന്നറിയുമ്പോൾ തന്നെ സംഭവത്തിന്റെ തീവ്രത ഊഹിക്കാം.

ഒഴുകിയെത്തുന്ന ദുരന്തം

വയനാട്ടിലെ അപകടമുണ്ടായ മേഖല ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലം അല്ല. ഈ പ്രദേശം നിരപ്പായ പുഴയുടെ തീരവും വർഷങ്ങളായി ജനവാസമേഖലയുമാണ്. എന്നാൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ തീവ്ര ദുരന്ത സാദ്ധ്യതാ പ്രദേശത്താണ്. ഒഴുകി വന്ന മണ്ണും ഉരുളും, പാറകളും ഉരുൾപൊട്ടൽ ദുരന്ത സാദ്ധ്യത ഇല്ലാത്ത ചൂരൽമല അങ്ങാടി എന്ന പ്രദേശത്താണ് വന്ന് അടിഞ്ഞിട്ടുള്ളത്. അതാവട്ടെ പ്രഭവകേന്ദ്രത്തിന്റെ ആറ് കിലോമീറ്റർ അകലെയും. അതേസമയം ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മനുഷ്യവാസം ഉള്ള പ്രദേശം ആയിരുന്നില്ല.

മഴ കനത്തതിനാൽ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി ഒരുപരിധി വരെ കുറഞ്ഞത്.
64 മുതൽ 204 വരെ മില്ലിമീറ്റർ മഴ പെയ്യും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മില്ലിമീറ്റർ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും ചിലപ്പോഴെങ്കിലും പ്രവചനാതീതമാവുമെന്നതാണ് യാഥാർത്ഥ്യം. അപ്രതീക്ഷിതമായ വൻമഴയും മേഘ വിസ്‌ഫോടനവും ഉരുൾപൊട്ടലും ഒക്കെ അതിന്റെ ഭാഗമായിട്ടുള്ളതാണ്.

വേണ്ടത് സമഗ്ര പദ്ധതികൾ

അത്യാഹിതമുണ്ടായ ശേഷം നിലവിളിക്കുന്നതിൽ അർത്ഥമില്ല. ഭരിക്കുന്ന സർക്കാരുകളെയോ ഉദ്യോഗസ്ഥരെയോ ശപിച്ചിട്ടോ കുറ്രം പറഞ്ഞിട്ടോ കാര്യമില്ല. എങ്കിലും ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് നേരത്തെ ഉണ്ടായിട്ടുള്ള പഠനങ്ങളെ മുഖവിലയ്ക്ക് എടുക്കുകയും അതിന് അനുസരണമായി ആവും വിധമുള്ള സംവിധാനങ്ങൾ സജ്ജമാക്കുകയുമാണ് ഏറ്റവും കുറഞ്ഞ പക്ഷം നമുക്ക് ചെയ്യാവുന്നത്. പശ്ചിമഘട്ട മേഖലയിൽ എവിടെ വേണമെങ്കിലും ഉരുൾപൊട്ടൽ ഉണ്ടാവാമെന്ന് പലവിധ പഠന റിപ്പോർട്ടുകൾ നേരത്തേ സൂചന നൽകുന്നുണ്ട്. അത് കണക്കാക്കി പുനരധിവാസ പദ്ധതികൾ വേണമെന്നും വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുള്ളതാണ്. 2018-ൽ കുഫോസ് നടത്തിയ പഠനത്തിൽ വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻകല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയിട്ടുള്ളതാണ്. ഉരുൾപൊട്ടലുണ്ടായാൽ ഈ കൂറ്റൻ കല്ലുകൾ അതിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമാവുമെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. പക്ഷെ ആ പഠനത്തിനൊന്നും അർഹിക്കുന്ന പ്രാധാനം കൽപ്പിച്ചോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശവും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും കുഫോസിന്റെ പഠനത്തിലുണ്ട്. വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ഉരുൾ പൊട്ടൽ സാദ്ധ്യത കൂടുതലുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

ഇതു കൂടി കേൾക്കണേ

ഈ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുത്ത് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഉത്തമം. ദുരന്ത സാദ്ധ്യതയുള്ള മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കലാണ് ഇതിൽ പ്രധാനം. കാലവർഷ നാളുകളിൽ മഴയെയോ മണ്ണിടിച്ചിലിനെയോ തടയാനാവില്ല. പകരം ഇത്തരം സന്ദർഭങ്ങളിൽ യോജിച്ച സ്ഥലങ്ങളിലേക്ക് ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ് ഉത്തമ പോംവഴി. തുടർച്ചയായി പ്രകൃതി ക്ഷോഭം നേരിടുന്ന ചില രാജ്യങ്ങൾ സ്വീകരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് ഇവിടെ പ്രായോഗികമാക്കുകയാണ് വേണ്ടത്. മാത്രമല്ല, വളരുന്ന ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ദുരന്തസാദ്ധ്യതകളെക്കുറിച്ചുള്ള തുടർപഠനങ്ങളും അനിവാര്യം.