വെള്ളറട: വെള്ളറടയിലെ മണലിക്കു സമീപം വട്ടപ്പാറയിൽ ശ്മശാനം നിർമ്മിക്കാൻ സ്ഥലം വാങ്ങിയിട്ട് ഒരുവർഷമായി. എന്നാൽ ഇതുവരെ നിർമ്മാണത്തിനുള്ള നടപടി മാത്രമില്ല. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സെന്റിന് 40000രൂപ നിരക്കിൽ 64 സെന്റ് സ്ഥലം വാങ്ങിയത്. നേരത്തെ ജില്ലാ പഞ്ചായത്ത് ഫമ്ട് ഉപയോഗിച്ച് ശ്മശാനം നിർമ്മിക്കുന്നതിന് പ്ളാങ്കുടി കാവിന് സമീപം സ്ഥലം നൽകാൻ നിരവധി പേർ തയാറായിരുന്നു. എന്നാൽ ഇവിടെ ശ്മശാനം നിർമ്മിക്കാനുള്ള നടപടി മാത്രമുണ്ടായില്ല. ഏറ്റവും അധികം കോളനികളുള്ള പഞ്ചായത്തിൽ മൃതദേഹം സംസ്കരിക്കാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. രണ്ടും മൂന്നും സെന്റ് സ്ഥലം മാത്രമുള്ളവർക്ക് മൃതദേഹം അടക്കംചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് വെള്ളറടയിൽ പൊതുശ്മശാനം വേണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ സ്ഥലം വാങ്ങി നാളുകൾകഴിഞ്ഞിട്ടും അതിന്റെ നിർമ്മാണം മാത്രം നടന്നില്ല.

 സംസ്കരിക്കാൻ കാത്തിരിക്കണം

പ്രദേശത്ത് ഒരാൾ മരിച്ചാൽ കിലോമീറ്ററുകൾ താണ്ടി പാറശാലയിലോ മാറനല്ലൂരിലോ പൊതു ശ്മശാനങ്ങളിൽ കൊണ്ടുപോകണം. ഇതിനു തന്നെ വലിയ ഒരു തുക വാഹനങ്ങൾക്ക് ഫീസായി നൽകണം. പഞ്ചായത്തിൽ ഒൻപതോളം കോളനികൾ നിലവിലുണ്ട്. കൊവിഡുകാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ ദിവസങ്ങളോളം കാത്തിരുന്ന അവസ്ഥയും മലയോരത്തിന് പറയാനുണ്ട്. മണലിയിലെ വട്ടപ്പാറയിൽ പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ. എന്നാൽ ഇവിടെ ശ്മശാന നിർമ്മാണം നടക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയത്തിലാണ്.