പാലോട്: ആകെ വീതി കുറഞ്ഞതാണ് പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ഒരു ഗ്രാമീണപാലം ഏതറ്റംവരെ തകർന്ന് തരിപ്പണമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പാലം. ലക്ഷങ്ങൾ ചെലവിട്ട് പാലം നവീകരിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളു. അതിനുള്ളിൽ പാലത്തിൽ വെള്ളക്കെട്ടായി. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഇക്കണക്കിന് നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വലിയൊരു ദുരന്തത്തിലേക്കാണ് പാലത്തിന്റെ തകർച്ച വിരൽചൂണ്ടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ കുഴികളറിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. പുതിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കാൻ ആദ്യം തീരുമാനമുണ്ടായിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും റോഡ് നിർമ്മാണവും നിറുത്തിവച്ചിരിക്കുകയാണ്. പാലം അപകടത്തിലാണെന്നുകാട്ടി യൂത്ത് കോൺഗ്രസ് തെന്നൂർ യൂണിറ്റ് പാലത്തിൽ മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിച്ചു.
പാലം ദുരവസ്ഥയിൽ
മലയോരഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചുകരിക്കകം പാലം പുനഃർനിർമ്മിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ കൈവരികൾ മാത്രം മാറ്റി തട്ടിക്കൂട്ട് നവീകരണമാണ് ചെയ്തത്. മലയോരഹൈവേയുടെ നാലാം റീച്ചിൽ ഉൾപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട പാലം. ഒരുവാഹനത്തിന് കഷ്ടിച്ച് പോകാൻ ഇടമുള്ള ഈ പാലം മലയോരഹൈവേയിലെ ദുരന്തമാകുമെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. പഴയപാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മലയോര ഹൈവേ നിർമ്മാണം തുടങ്ങി ഏഴ് വർഷം പിന്നിടുമ്പോൾ പുതിയ പാലത്തെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. അടിത്തറ പൊളിഞ്ഞ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
കിതച്ച് മലയോര ഹൈവേ
സംസ്ഥാനത്തിനാകെ അഭിമാനമാകേണ്ട മലയോര ഹൈവേയുടെ നിർമ്മാണം ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിൽ നിശ്ചലമായിട്ട് ഒന്നര വർഷം കഴിഞ്ഞു. 2017ലാണ് മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിച്ചത്. റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്നായിരുന്നു പ്രതീക്ഷ. 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് അറിയിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. ഈ നിലയിൽ നിർമ്മാണം തുടർന്നാൽ വർഷങ്ങൾ കഴിഞ്ഞാലും റോഡുനിർമ്മാണം പൂർത്തിയാക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.