binod

കാട്ടാക്കട: കോച്ചിംഗിനിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ച ഹോക്കി അദ്ധ്യാപകനെ 15 വർഷം കഠിന തടവിനും 60,000രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു.വിളപ്പിൽ വെള്ളൈക്കടവ് ടോൾ ജംഗ്ഷൻ ചിഞ്ചു ഭവനിൽ ബിനോദിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴയൊടുക്കിയില്ലെങ്കിൽ 15മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.

പ്രതി ഹോക്കി പരിശീലനം നൽകിയിരുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പീഡനത്തിനിരയായത്.2022 ജൂൺ 28നായിരുന്നു സംഭവം.വിവരമറിഞ്ഞ കുട്ടിയുടെ അമ്മ ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസ് വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുക്കുകയായിരുന്നു.അന്നത്തെ വിളപ്പിൽശാല എസ്.എച്ച്.ഒ എൻ.സുരേഷ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.