തിരുവനന്തപുരം : ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ശനിയാഴ്ചകൾ കൂട്ടിച്ചേർത്ത് 220 പ്രവൃത്തിദിനങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ മുറുകുന്നതിനിടെയാണ് റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവന്നത്. ശനിയാഴ്ചകൾ സ്‌കൂൾ ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിംഗിനും സംഘപഠനത്തിനും ഉപയോഗിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച 'മികവിനുമായുള്ള വിദ്യാഭ്യാസ'മെന്ന റിപ്പോർട്ടിലെ രണ്ടാംഭാഗത്തിൽ അക്കാഡമിക മികവിനെക്കുറിച്ചാണ് പരാമർശം. അദ്ധ്യാപകർ മതിയായ ജ്ഞാനം ആർജ്ജിച്ചാൽ മാത്രമേ കുട്ടിയുടെ നിലവാരം ഉയർത്താനാവൂ എന്നും റിപ്പോർട്ടിലുണ്ട്.
മറ്റ് പ്രധാന
നിർദ്ദേശങ്ങൾ
സെക്കൻഡറി തലത്തിൽ ( 8-12 ) അദ്ധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത.
പി.എച്ച്ഡി തലം വരെ അദ്ധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം.
ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം.
തസ്തികാ നിർണ്ണയം പരിഷ്‌കരിക്കണം
അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങൾ എന്നിവ പരിഷ്‌കരിക്കണം
നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം.
ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്കരിക്കണം.
പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം
കുട്ടികളുടെ എണ്ണം
□പ്രീ സ്കൂളിൽ ഒരു ക്ളാസിൽ 25 കുട്ടികൾ.
□ഒന്ന് മുതൽ 12 വരെ പരമാവധി 35 കുട്ടികൾ.
ക്ളാസ് സമയം
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പഠനത്തിന് മെച്ചപ്പെട്ട സമയം. ശേഷം ആവശ്യമനുസരിച്ച് സ്പോർട്സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. (ആവശ്യങ്ങൾ പരിഗണിച്ച് സമയം സ്കൂളുകൾക്ക് സമയം ക്രമീകരിക്കാം)
കുട്ടികളുടെ കായികക്ഷമത ഉറപ്പാക്കണം. പ്രൈമറിതലത്തിൽ നിശ്ചിതസമയം ക്ലാസിനകത്ത് ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. കലാവാസനയും സർഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിൽ കണ്ടെത്തണം.
ഖാദർ കമ്മിറ്റി റിപ്പോർട്ട്
നടപ്പാക്കുന്നതിൽ
പ്രതിഷേധം
കൊച്ചി: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം നിർദ്ദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെയും ചർച്ചകൾ നടത്താതെയും മന്ത്രിസഭ അംഗീകരിക്കുന്നതിൽ പ്രതിഷേധം. പൊതുവിദ്യാഭ്യാസ മേഖലയെ അക്കാഡമികമായും ഭരണപരമായും തകർക്കുന്ന റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടാതെ അടിച്ചേല്പിക്കുന്നത് അംഗീകരിക്കില്ലെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടമൂർത്തി,ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.