maari-selvaraj

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. തമിഴിൽ വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന സംവിധായകനാണ് മാരി സെൽവരാജ്. കതിർ, ആനന്ദി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പരിയേറും പെരുമാൾ ആണ് ആദ്യ സംവിധാന സംരംഭം. ധനുഷ് നായകനായ കർണൻ, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മാമന്നൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. നിഖില വിമൽ, കലൈയരസൻ, പ്രിയങ്ക നായർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വാഴൈ ആണ് മാരി സെൽവരാജിന്റെ സംവിധാനത്തിൽ ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രം. ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബൈസൺ ചിത്രീകരണ ഘട്ടത്തിലാണ്. ബൈസണുശേഷം മാരി സെൽവരാജ് രജനികാന്ത് ചിത്രത്തിലേക്ക് പ്രവേശിക്കും. അതേസമയം രജനികാന്തും മാരി സെൽവരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആരാധക ലോകത്ത് വൻ പ്രതീക്ഷ നൽകുന്നു.