vishak


രാധിക ആപ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്ക എന്ന ഹിന്ദി വെബ് സീരീസിൽ വിശാഖ് നായരും കീർത്തി സുരേഷും നായകനും നായികയുമായി എത്തുന്നു.

നവാഗതനായ ധർമ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന വെബ് സീരീസ് യഷ് രാജ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന വെബ് സീരിസിന്റെ ചിത്രീകരണം മുംബയിലും കേരളത്തിലുമായാണ് നടന്നത്. മലയാളി താരങ്ങളായ പൂർണിമ ഇന്ദ്രജിത്ത്, കാർത്തിക മുരളീധരൻ, പൂജ മോഹൻരാജ്, ദിനേശ് പ്രഭാകർ , ഉൗർമിള കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അടുത്ത വർഷം ജൂലായിൽ സ്ട്രീമിംഗ് ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം അറ്റ്‌ലി നിർമ്മിച്ച് കലീസ് സംവിധാനം ചെയ്യുന്ന ജോൺ എന്ന ചിത്രത്തിൽ വരുൺ ധവാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. ഡിസംബർ 25ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആനന്ദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു വന്ന താരമാണ് വിശാഖ് നായർ . കങ്കണ റണൗട്ട് പ്രധാന വേഷത്തിൽ എത്തിയ തേജസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിൽ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് കാതൽ, ഇരട്ട, ആവേശം തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ പൂജ മോഹൻരാജ് ആദ്യമായാണ് ഹിന്ദി വെബ് സീരിസിന്റെ ഭാഗമാകുന്നത്.

ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളായ കാർത്തിക സി.ഐ.എ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അങ്കിൾ സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. ഹിന്ദിയിൽ തിളങ്ങുന്ന പൂർണിമ ഇന്ദ്രജിത്ത് കാലാപാനി എന്ന വെബ് സീരീസിൽ സ്വസ്തി ഷാ എന്ന കഥാപാത്രമായ അസാധാരണമായ പ്രകടനമാണ് കാഴ്ചവച്ചത്.