papanasam-palam

വർക്കല: പാപനാശം ബീച്ചിലെ നടപ്പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. തുരുമ്പെടുത്ത് നശിച്ചതും കൈവരി തകർന്നതുമായ നടപ്പാലത്തിലൂടെയാണ് സഞ്ചാരികളും തീർത്ഥാടകരും നിത്യേന കടന്നുപോകുന്നത്. ഭീമമായ തുക ചെലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം നശിച്ചതിനെ തുടർന്ന് തടികൊണ്ടുള്ള താത്കാലിക പാലമായിരുന്നു മുമ്പുണ്ടായിരുന്നത്.

വർഷങ്ങൾക്കു മുമ്പാണ് ഇരുമ്പ് ഷീറ്റുകളും കമ്പികളും കൊണ്ട് ഇപ്പോഴത്തെ പാലം നിർമ്മിച്ചത്. തീരദേശമായതിനാൽ ഇരുമ്പ് പാലം അതിവേഗം തുരുമ്പെടുത്തു.പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതികൾ ഉന്നയിച്ചെങ്കിലും അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കർക്കടക വാവുബലിക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.പതിനായിരങ്ങളാണ് വാവുദിനത്തിൽ ഇവിടേക്കെത്തുന്നത്. മുള കൊണ്ട് താങ്ങ് നൽകിയും കയർ ഉപയോഗിച്ച് കെട്ടിനിറുത്തിയും നാട്ടുകാർ തന്നെയാണ് മാസങ്ങളായി പാലത്തിന് താത്കാലിക സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലം നന്നാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.