നെയ്യാറ്റിൻകര: അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 500 പേർക്ക് ഒരേസമയം ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നദിക്കരയും പ്രത്യേകം ബാരിക്കേഡുകൾ നിർമ്മിച്ചും വനിതാ പൊലീസടക്കമുള്ള പൊലീസ് സേനയുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലമൊരുക്കി. എക്സൈസ് വകുപ്പിന്റെ പ്രത്യേക നിരീക്ഷണം നാളെ മുതൽ ആരംഭിക്കും. നദിക്കരയിൽ ഫയർഫോഴ്സിന്റെ സേവനം ഉറപ്പുവരുത്താനും ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ടീം ക്ഷേത്രാങ്കണത്തിൽ പ്രവർത്തിപ്പിക്കാനും വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ ശുദ്ധജല വിതരണവും വൈദ്യുതി വകുപ്പിന്റെ കീഴിൽ മുടങ്ങാതെ വൈദ്യുതിയും എത്തിക്കാനും നടപടിയായി.
നെയ്യാറ്റിൻകര നഗരസഭയും പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.ക്ഷേത്രാങ്കണത്തിൽ റവന്യു,പൊലീസ്,ആരോഗ്യ വകുപ്പ് എന്നിവയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഡെപ്യൂട്ടി കളക്ടർമാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലെടുത്ത തീരുമാനങ്ങൾ പൂർണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 3ന് രാവിലെ 4മുതൽ ബലിതർപ്പണം ആരംഭിക്കുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.