തിരുവനന്തപുരം: തലസ്ഥാനത്തെ 17പഞ്ചായത്തുകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണ്.നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലായാണ് ഈ പ്രദേശങ്ങൾ. 2001 നവംബറിൽ 39പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ അമ്പൂരിയാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്. തലസ്ഥാനത്ത് 185ഹെക്ടർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായാണ് ഡിജിറ്റൽ സർവകലാശാലയും കേന്ദ്ര റബർ ബോർഡും നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ആര്യനാട്,അമ്പൂരി,കുറ്റിച്ചൽ,കള്ളിക്കാട്,കാട്ടാക്കട,കുന്നത്തുകാൽ,മലയിൻകീഴ്, നന്ദിയോട്, ഒറ്റശേഖരമംഗലം,പള്ളിച്ചൽ,പാങ്ങോട്,പെരിങ്ങമല,പെരുങ്കടവിള,തൊളിക്കോട്, വെള്ളറട, വിളപ്പിൽ,വിതുര പഞ്ചായത്തുകളാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ഇതിൽ അമ്പൂരിയിലെ മൂന്ന് ഹെക്ടർ പ്രദേശത്താണ് ഏറ്റവുമധികം ഭീഷണിയുള്ളത്. ആര്യനാട്ടെ-9,കുറ്റിച്ചലിലെ 0.28,കള്ളിക്കാട്ടെ-2,പെരുങ്കടവിളയിലെ-9 ഹെക്ടർ വീതം പ്രദേശത്ത് ഇടത്തരം ഭീഷണിയുണ്ട്.വിതുരയിലെ 34ഉം അമ്പൂരിയിലെ 30ഉം കള്ളിക്കാട്ടെ 28ഉം ഹെക്ടർ അടക്കം 162ഹെക്ടർ പ്രദേശത്ത് മിതമായ ഭീഷണിയാണുള്ളത്. ഉപഗ്രഹചിത്രങ്ങളുടെയടക്കം സഹായത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ. മഴ ശക്തമാകുന്ന സമയത്താണ് സംസ്ഥാനത്ത് ഉരുൾപൊട്ടലുകളിലേറെയും. 23വർഷം മുൻപ് അമ്പൂരിയിൽ ദുരന്തമുണ്ടായത് തിമിർത്തു പെയ്ത തുലാമഴയ്ക്കിടെയാണ്. മുൻകൂട്ടി കണ്ടെത്താനാവാത്ത ഉരുൾപൊട്ടലിനെ പ്രതിരോധിക്കാൻ അപകടമേഖലകളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത് അസാദ്ധ്യവുമാണ്. ഐ.എസ്.ആർ.ഒയുടെ റിമോട്ട് സെൻസിംഗ് സെന്ററിന്റെ പഠനത്തിൽ രാജ്യത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ആദ്യ മുപ്പതിനുള്ളിൽ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്.പട്ടികയിൽ തലസ്ഥാനം 28-ാം സ്ഥാനത്താണ്.