cm

തിരുവനന്തപുരം: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. പരമാവധി ആൾക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ന് രാവിലെ 11.30 ന് വയനാട് കളക്ടറേറ്റിൽ സർവകക്ഷി യോഗം ചേരും.

ഉരുൾപൊട്ടലിൽ മുണ്ടക്കൈയും ചൂരൽമലയും ഇല്ലാതായി. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. മാറാൻ തയ്യാറാകാത്തവർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. രക്ഷപ്പെട്ടവർക്ക് ചികിത്സയും ഉറപ്പാക്കി. 1592 പേരെ രക്ഷിച്ചു. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 പേരുണ്ട്. അതിൽ 19 പേർ ഗർഭിണികളാണ്.
ചൂരൽമലയിൽ താലൂക്കുതല കൺട്രോൾ റൂം തുടങ്ങി. മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ്‌ ചെയ്തു പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 1167 പേരുൾപ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. കോസ്റ്റ് ഗാർഡ് അംഗങ്ങളും ഇന്നലെ എത്തി. മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരൽ മലയുമാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

വകുപ്പുകൾ സർവസജ്ജം

വനം, ആരോഗ്യം, റവന്യു, തദ്ദേശ വകുപ്പുകൾ സർവസജ്ജമായി ചൂരൽമലയിലുണ്ട്. മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയിലെ 32ൽ 26 പേരെ കണ്ടെത്തി. 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്നിക്കിൽ താത്ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരൽമലയിലെ മദ്രസയിലും പള്ളിയിലും താത്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് ക്യാമ്പുകളിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെയും കൗൺസിലർമാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.