cm

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നത് സഹായപ്പെരുമഴ. ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം .എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നൽകി. കെ.എസ്.എഫ്.ഇ അഞ്ചു കോടിയും കാനറാ ബാങ്ക് ഒരു കോടിയും കെ .എം .എം. എൽ 50 ലക്ഷവും വനിത വികസന കോർപ്പറേഷൻ 30 ലക്ഷവും ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷവും നൽകി.

തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു കൈമാറി. നടൻ വിക്രം 20 ലക്ഷം രൂപ കൈമാറി. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും.

മേഖലയിലേക്ക് വയനാട് ജില്ല ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് ചികിത്സയിലുള്ളവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും എത്തിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്. സന്നദ്ധ സംഘടനകളുടെ പേരിൽ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണവും നിറുത്തണം. ശേഖരിച്ച വസ്തുക്കൾ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.