തിരുവനന്തപുരം: ജില്ലയിൽ എട്ട് തദ്ദേശവാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല നേട്ടം. എല്ലാ സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം, ഫലം കോൺഗ്രസിനും ബി.ജെ.പിക്കും തിരിച്ചടിയായി. സി.പി.എം സ്ഥാനാർത്ഥി കൾ വിജയിച്ചതിനെത്തുടർന്ന് പെരിങ്ങമല ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്ടമായി. ബി.ജെ.പി ഭരിക്കുന്ന കരവാരം പഞ്ചായത്തിൽ ഭരണം തുലാസിലായി.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നാലുവീതം സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. ജില്ല പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളുമാണ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ബി.ജെ.പി ഭരിക്കുന്ന കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ വാർഡുകളും ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളും എൽ.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് എത്തിയ വെള്ളനാട് ശശി ജില്ല പഞ്ചായത്ത് ഡിവിഷനിൽ 1,143 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.ആർ.പ്രതാപനും ബി.ജെ.പി നേതാവ് മുളയറ രതീഷുമായിരുന്നു പ്രധാന എതിരാളികൾ.
പെരിങ്ങമലയിൽ കോൺ. ഭരണം പോയി
ഡി.സി.സി പ്രസിഡന്റിന്റെ തട്ടകമായ പെരിങ്ങമ്മല പഞ്ചായത്തിൽ പ്രസിഡന്റടക്കം യു.ഡി.എഫിലെ 3 പേർ രാജിവച്ച് എൽ.ഡി.എഫിലെത്തിയതോടെയാണ് മടത്തറ, കൊല്ലായിൽ, കരിമൺകോട് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 3 പേരും ജയിച്ചതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. 2 സീറ്റെങ്കിലും നിലനിറുത്തിയാൽ യു.ഡി.എഫിനു ഭരണത്തിൽ തുടരാമായിരുന്നു.
പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയിൽ സി.പി.എം സ്ഥാനാർത്ഥി ഷിനു മടത്തറ (223 ഭൂരിപക്ഷം) വിജയിച്ചു. കോൺഗ്രസിലെ ഷൈജ ലൈജുവിനെയാണ് പരാജയപ്പെടുത്തിയത്. കൊല്ലായിൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സി.പി.എമ്മിന്റെ കലയപുരം അൻസാരി (437 ഭൂരിപക്ഷം) വിജയിച്ചു. കരിമൺകോട് വാർഡിൽ സി.പി.എം സ്ഥാനാർത്ഥി എം.ഷെഹാസ് (314 ഭൂരിപക്ഷം) വിജയിച്ചു. കോൺഗ്രസിന്റെ ജി.സുഭാഷിനെയാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് 10, യു.ഡി.എഫ് 8, ബി.ജെ.പി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
കരവാരത്ത് രണ്ടിടത്തും ജയം
ബി.ജെ.പി ഭരിക്കുന്ന കരവാരം ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം ബി.ജെ.പിയുടെ 2 വനിത അംഗങ്ങൾ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും സി.പി.എം ജയിച്ചു. ബി.ജെ.പിക്കും എൽ.ഡി.എഫിനും ഏഴ് അംഗങ്ങളായതോടെ ഭരണം തുലാസിലായി.
കരവാരം പഞ്ചായത്തിലെ പട്ടള വാർഡിൽ സി.പി.എമ്മിലെ ബേബി ഗിരിജ (261 ഭൂരിപക്ഷം) വിജയിച്ചു. ബി.ജെ.പിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തൻപാറയിലും സി.പി.എം വിജയിച്ചു. കോൺഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സി.പി.എമ്മിലെ വിജി വേണു (149 ഭൂരിപക്ഷം) വിജയിച്ചു. ബി.ജെ.പി 7, എൽ.ഡി.എഫ് 7, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ആറ്റിങ്ങലിൽ രണ്ടും എൽ.ഡി.എഫിന്
നഗരസഭയിൽ രണ്ടു വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിടിച്ചെടുത്തു. 22-ാം വാർഡ് ചെറുവള്ളിമുക്കിൽ മഞ്ജുവും (96 ഭൂരിപക്ഷം) 28-ാം വാർഡ് തോട്ടവാരത്ത് ലേഖയുമാണ് (275 ഭൂരിപക്ഷം) വിജയിച്ച സി.പി.എം സ്ഥാനാർത്ഥികൾ. 2020ൽ തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി കൗൺസിലർമാർ രാജിവച്ചതിനെ തുടർന്നാണ് രണ്ടു വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിലെ കക്ഷിനില ആകെ സീറ്റ് 31 എൽ.ഡി.എഫ് 20,കോൺഗ്രസ് 6, ബി.ജെ.പി 5. ചിത്രം