ചൂരൽമലയിലെ രക്ഷാപ്രവർത്തകരുടെ മനസ്സിന് കവി പ്രഭാവർമ്മ അർപ്പിക്കുന്ന കാവ്യാദരം
നീണ്ടുനീണ്ടെത്തുന്ന കൈയിൽപ്പിടിക്കെ, നീ
ആരെന്നു ചോദിച്ചതില്ല രക്ഷാഭടർ.
ദീനദീനം കാതിലെത്തും നിലവിളി
ആരുടേതെന്നു തിരഞ്ഞീല രക്ഷകർ.
ജാതി ചോദിച്ചീല, പാർട്ടി ചോദിച്ചീല,
ഏതു മതത്തിലാണെന്നു ചോദിച്ചീല!
ആരെ രക്ഷിക്കേണ,മാരെവേണ്ടെ,ന്നര
മാത്രയും ചിന്തിച്ചതില്ലയാരാരുമേ...
നെറ്റിയിലുള്ള നിസ്‌കാരത്തഴമ്പു ക-
ണ്ടങ്ങു കൈവിട്ടു നെറ്റിക്കുറി തേടീല.
ഉണ്ടു കഴുത്തിൽ രുദ്രാക്ഷമെന്നോർത്തു കൈ-
വിട്ടു കുരിശിനെ,ക്കൊന്തയെത്തേടീല.
'എന്റെ നാരായണാ'യെന്ന നിലവിളി-
ക്കപ്പുറ,'മെന്റെയള്ളാ'യ്ക്കു കാതോർത്തീല!
എന്താണടയാളമെന്നുള്ളതു ജീവ-
രക്ഷയ്ക്കടിസ്ഥാനമാക്കിമാറ്റീലിവർ.
ഇല്ല,യടയാളമൊന്നുമെന്നുള്ളതു-
കൊണ്ടു കുടഞ്ഞെറിയാൻ നിന്നുമില്ലിവർ.
ഇന്നലെയോളം നമുക്കാരുമല്ലാതി-
രുന്നവർ വന്നു രക്ഷിക്കുന്നു നമ്മളെ!
ആരുമല്ലായിരുന്നോരിങ്ങു നേരിലെ-
ല്ലാരുമായ് മാറീ, നമുക്കന്യരില്ലിനി!
ആരെന്നറിവീലിവർ; ഏതു ജാതിയിൽ,
ഏതു മതത്തിൽ, വിഭാഗത്തിലുള്ളവർ!
ആരാകിലെന്തിവർക്കപ്പുറം നമ്മൾക്കു
സോദരരില്ല, ബന്ധുക്കളുമില്ലിനി!
എങ്ങനെ നാമീക്കടം വീട്ടുവാൻ, കരം
എന്നുമപരന്നു നേർക്കു നീളേണമേ...
ഇല്ലാ നമുക്കന്യരായൊരാളും നമു-
ക്കില്ല 'നാം - അന്യർ' എന്നുള്ള വിവേചനം!
ജാതി, മതം, ദേശമേതുമാകട്ടെ, നാം
മാനുഷസത്തയാലൊന്നാകുമുറ്റവർ!