വിജയവാഡ: ഹൈദരാബാദിലെ യു.എസ് കോൺസൽ ജനറൽ ജെന്നിഫർ ലാർസൺ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മാനവവിഭവശേഷി വികസന മന്ത്രി എൻ. ലോകേഷ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. അമേരക്കിയിലെ സ്ഥാപനങ്ങളുടെ മൂലധനനിക്ഷേപം ആന്ധ്രയിലെത്തിക്കുക, യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തതെന്നാണ് വിവരം. പവൻ കല്യാണിനെ കാണാനും ആന്ധ്രാപ്രദേശ് യുവാക്കളുടെ കഴിവുകൾ സംസ്ഥാനത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എക്സിൽ ജെന്നിഫർ ലാർസൺ പറഞ്ഞു. “ആന്ധ്രപ്രദേശിലെ യുവാക്കളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഭാവിയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- അവർ പറഞ്ഞു.
യു.എസും ആന്ധ്രാപ്രദേശും എങ്ങനെ സാങ്കേതിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ലോകേഷുമായി ചർച്ച ചെയ്തതെന്ന് അവർ വ്യക്തമാക്കി. എ.ഐ സാങ്കേതിക വിദ്യാ മേഖലയിൽ
ആന്ധ്രാപ്രദേശ് പൗരന്മാർക്ക് മികച്ച പരിശീലനം നൽകുന്നതിനെ കുറിച്ചും ലോകേഷുമായി ചർച്ച ചെയ്തു.
അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരിൽ ഏകദേശം 14% തെലുങ്കുകാരാണെന്ന് പവൻ കല്യാൺ പറഞ്ഞു. അവർ ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.