തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് വീട്ടമ്മയെ വെടിവച്ച കേസിലെ പ്രതി ഡോ. ദീപ്തിയെ കുടുക്കിയത് സി.സി ടിവി ദൃശ്യങ്ങൾ. സംഭവത്തിന് ശേഷം ഇവർ സഞ്ചരിച്ച വഴിയിലെ 250 ഓളം സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. രാത്രിയിലും പകലമുള്ള ദൃശ്യങ്ങൾ എല്ലായിടത്ത് നിന്നും പൊലീസിന് ലഭിച്ചു. എന്നാൽ ദീപ്തി സഞ്ചരിച്ച് ചില സ്ഥലത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിന് മുമ്പും അടുത്തദിവസവും കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് ദീപ്തിയുടെ കാർ സഞ്ചരിച്ച വഴികളിലെ ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
സംഭവം നടന്ന ഞായറാഴ്ച രാവിലെ കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര വഴിയാണ് ഷിനിയുടെ വീട്ടിൽ ദീപ്തി എത്തിയത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുഖംമൂടി ധരിച്ച് വീട്ടിലെത്തിയത്. കൃത്യം നടത്തി അതേ കാറിൽ ചാക്ക ബൈപാസ് വഴി രക്ഷപ്പെട്ടു. താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെന്ന് വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു ദീപ്തി നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മനസിലായതോടെ ദീപ്തി പിന്നീടു വീട്ടിലേക്കു പോയി. കാറിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ വാഹനം ഉപേക്ഷിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് പിടിയിലായത്.
കുളത്തൂർ, കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ആറ്റിങ്ങൽ, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ നിന്നു ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.