തിരുവനന്തപുരം: പൂന്തുറ ഉച്ചമാടൻ ക്ഷേത്രത്തിലെ ഒരു കോടിരൂപയുടെ പഞ്ചലോഹ വിഗ്രഹ മോഷണ കേസിൽ മണക്കാട് മുത്തുമാരിയമ്മൻ കോവിലിലെ പൂജാരി അരുണിനെ ക്ഷേത്രത്തിൽ കയറി അറസ്റ്ര് ചെയ്ത സംഭവത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോർട്ട് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാറിന് സമർപ്പിച്ചു. പൂജാസമയത്തിനിടെ പൂജാരിയെ അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആരാധനാലയത്തിലെ ആചാരങ്ങൾ മുടങ്ങുന്ന സ്ഥിതിയുണ്ടായത് ജനങ്ങൾക്കിടിയിൽ വ്യാപക പ്രതിഷേധമുണ്ടാക്കി.ചെറിയ രീതിയിൽ പൊലീസ് വിരുദ്ധ നിലപാടും സേനയ്ക്ക് അവതമതിപ്പുമുണ്ടാക്കി. വീഴ്ചയ്ക്ക് അതിനുസരിച്ചുള്ള നടപടി വേണമെന്നും റിപ്പോർ‌ട്ടിൽ ശുപാർശയുണ്ട്. പൂന്തുറ എസ്.എച്ച്.ഒ,പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് വീഴ്ചയിൽ പങ്കുണ്ടെന്നും അതിന് തക്കതായ നടപടി വേണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ സ്ഥലംമാറ്റമായിരിക്കും നടപടിയെന്നാണ് സൂചന. മേയിലാണ് പൂന്തുറ ഉച്ചമാടൻ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം പോയത്.