പുൽപ്പള്ളി: വയനാട്ടിൽ പെയ്ത മഴയുടെ കരുത്തിൽ കബനി നദി നിറഞ്ഞു. ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാത്തതിനാൽ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് ജലനിരപ്പ് കൂടുതലായി ഉയർന്നു. രണ്ടുമാസം മുമ്പ് വരെ പാറക്കെട്ടുകൾ നിറഞ്ഞ നിലയിലായിരുന്നു കബനി. ഇതിന്റെ ദുരിതങ്ങൾ പുൽപ്പള്ളി മേഖലയിലുള്ളവർ അനുഭവിക്കുകയും ചെയ്തിരുന്നു. ഇതേ നദിയാണ് ഇപ്പോൾ ജലസമ്പന്നമായിരിക്കുന്നത്. ജില്ലയിൽ പെയ്ത മഴയുടെ ഗുണം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് കർണാടകയാണ്. വയനാട്ടിൽ രൂപം കൊടുത്ത ജല പദ്ധതികൾ മിക്കതും കടലാസിൽതന്നെ ഒതുങ്ങുകയാണ്. ബാവലി, കന്നാരം, പനമരം, കടമാൻ തോടുകളിലുമെല്ലാം വേനലിന്റെ തുടക്കത്തിൽ തന്നെ വെള്ളം കുറയാറുണ്ട്. വർഷകാലം തുടങ്ങുന്നതോടെ നല്ലൊരു പങ്ക് വെള്ളവും ഈ ജലസ്രോതസ്സുകളിലൂടെ കബനിയിലേക്കാണ് എത്തുന്നത്. കേരള അതിർത്തി കഴിയുന്നതോടെ കബനി കാവേരി നദിയായി മാറുന്നു. ഈ വെള്ളം ഉപയോഗപ്പെടുത്തി നിരവധി വൻകിട പദ്ധതികൾ കർണാടക നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ബംഗളുരു നഗരത്തിലേക്കടക്കം കുടിവെള്ളത്തിനായി വെള്ളം കൊണ്ടുപോകുന്നുണ്ട്. പരമാവധി വെള്ളം ബീച്ചനഹള്ളി, നൂകു, താരക അണക്കെട്ടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.