പനമരം: കനത്ത മഴയിൽ നാലുപാടും വെള്ളം കയറിയതോടെ ദുരിതത്തിലായ പ്രദേശവാസികൾക്ക് ഭീതി സമ്മാനിച്ച് കൊമ്പൻമാരുടെ വിളയാട്ടം. പനമരം പരിയാരത്താണ് കാട്ടാനകൾ എത്തിയത്. വെള്ളം കെട്ടിനിൽക്കുന്ന കൃഷിയിടത്തിൽ കാട്ടാനകൾ നീന്തി കുളിച്ചും വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചും മണിക്കൂറുകളോളമാണ് മൂന്ന് കൊമ്പനാനകൾ വിലസിയത്. വെള്ളക്കെട്ടിലൂടെ വളരെ വേഗതയിലാണ് കാട്ടാനകൾ ജനവാസ മേഖലയിലൂടെ എത്തിയത്. രാവിലെ 11 മണിയോടെയാണ് കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. മണിക്കൂറുകളോളം ജനവാസ മേഖലയിൽ തങ്ങിയ കാട്ടാനക്കൂട്ടം വൈകിട്ട് നാലുമണിയോടെയാണ് വനത്തിലേക്ക് കയറിയത്. ആനകളെ ഓടിക്കുമ്പോഴും കാർഷിക
വിളകൾ നശിപ്പിച്ചുകൊണ്ടാണ് ആനക്കൂട്ടം കാട്ടിലേക്ക് ഓടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തുന്നത്. സാധാരണ ഏഴ് ആനകളാണ് ജനവാസ മേഖലയിൽ എത്തിയിരുന്നത്. കൂട്ടംതെറ്റി മൂന്ന് കൊമ്പന്മാർ ഒരുമിച്ച് നാല് ആനകൾ മറ്റൊരു കൂട്ടമായി ആണ് ജനവാസ മേഖലയിൽ എത്തിയത്. ആനകളെ ഉൾവനത്തിലേക്ക് തുരത്താത്തതാണ് ഇടയ്ക്കിടെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.