കൽപ്പറ്റ: ഗോത്ര മേഖലയിലെ പദ്ധതി നിർവഹണത്തിൽ അനാസ്ഥകൾ പാടില്ലെന്നും മുൻഗണന നൽകി വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന മന്ത്രി ഒ.ആർ.കേളു പറഞ്ഞു. സംസ്ഥാനത്തെ ഗോത്രമേഖയിലെ പദ്ധതികളുടെ ജില്ലാതലങ്ങളിലൂടെയുള്ള പ്രത്യേക അവലോകന യോഗം വയനാട് ജില്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി മേഖലയുടെ സമഗ്ര വികാസത്തിനായി നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും വിവിധ വകുപ്പ് തല ഏകീകരണമില്ലാത്തതിനാൽ പദ്ധതികൾ ലക്ഷ്യത്തിലെത്തുന്നില്ല. ഇക്കാരണങ്ങളാൽ അർഹമായ പരിഗണന കിട്ടാതെ സമൂഹത്തിന്റെ ദുർബല വിഭാഗങ്ങൾ കഷ്ടതയനുഭവിക്കുകയാണ്. ഈ സാഹചര്യങ്ങൾ അടിമുടി മാറണം. വകുപ്പുകൾ കൈകോർത്തുകൊണ്ട് ഈ മേഖലയിലെ പദ്ധതികൾ കാര്യക്ഷമമാക്കണം. അങ്ങേയറ്റം പരിഗണന ലഭിക്കേണ്ട വിഭാഗക്കാരുടെ പ്രശ്നങ്ങൾ ഫയലിൽ കെട്ടിക്കിടക്കുന്നത് ഭൂഷണമല്ല. അടിത്തട്ടിൽ പ്രവർത്തിക്കുന്ന സംവിധാനം മുതൽ ഇതിനായി മാറണം. ഫണ്ടുകൾ അനുവദിച്ചിട്ടും കാര്യനിർവഹണത്തിന്റെ വേഗതക്കുറവ് കാരണം തുക ലാപ്സായി പോകുന്ന സാഹചര്യങ്ങളുണ്ട്. ഇതെല്ലാം മാറണം. ആദിവാസി വിഭാഗങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുമ്പോൾ അവരെ സ്വീകരിച്ച് അവർക്കുവേണ്ടത് ചെയ്തുകൊടുക്കാനുള്ള പരിശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടാകണം. ഇവിടെ നിന്നും പരിഹാരങ്ങളില്ലെങ്കിൽ മന്ത്രി തലത്തിൽ ഇവരുടെ പരാതികൾ നേരിട്ട് കേൾക്കാനുള്ള സംവിധാനങ്ങൾ പരിഗണനയിലുണ്ട്. ജില്ലകളിലൂടെയുള്ള അവലോകനം പൂർത്തിയായിക്കഴിഞ്ഞാൽ ഇതിന് തുടർച്ചയായുള്ള ഓൺലൈൻ അവലോകന യോഗങ്ങൾ നടക്കും. പദ്ധതികളുടെ പ്രവർത്തന പുരോഗതികൾ മാസം തോറും വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
സുൽത്താൻബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.രേണുരാജ്, പട്ടികജാതി വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, സബ്കളക്ടർ മിസൽ സാഗർ ഭരത്, പിന്നാക്കവിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.സിദ്ധാർത്ഥ്, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി.പ്രമോദ്, അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പ് ഓഫീസർ ജി.ശ്രീകുമാർ എന്നിവർ വകുപ്പ് തല പദ്ധതികൾ സംബന്ധിച്ച പ്രസന്റേഷൻ നടത്തി.