കൽപ്പറ്റ: വയോജനങ്ങൾ ചികിത്സ തേടിയെത്തുന്ന ജീവനി ക്ലിനിക്കിൽ ഡോക്ടറില്ലാത്തതിനാൽ രോഗികൾ വലയുന്നു. ഇവിടെയെത്തുന്ന രോഗികൾ 10 ദിവസമായി ചികിത്സ കിട്ടാതെ മടങ്ങുകയാണ്. ആശുപത്രിയ്ക്ക് മുന്നിൽ സ്ഥാപിച്ച 'ഡോക്ടറില്ല ' എന്ന ബോർഡ് വായിച്ച് നിരാശയോടെരോഗികൾ മടങ്ങേണ്ട അവസ്ഥയാണ്. ഡോക്ടർ ഇനി അടുത്തമാസം എട്ടാം തീയതിയെ ഉണ്ടാകൂ എന്നാണ് ക്ലിനിക്കിലെ ജീവനക്കാർ പറയുന്നു. വിഷയത്തിൽ ഇടപെടാൻ നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദിവസവും 200 ഓളം വയോജനങ്ങൾ ചികിത്സതേടിയെത്തുന്ന ആശുപത്രിയാണ്. ജീവിതശൈലിരോഗങ്ങൾക്ക് മാത്രം ചികിത്സ ലഭിക്കുന്നതിനാൽ തന്നെ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. സ്ഥിരമായി കഴിക്കേണ്ട മരുന്ന് സൗജന്യമായി ലഭിക്കുന്നതിനാൽ തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വയോജനങ്ങൾ ഇവിടെ എത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാൽ മരുന്ന് നൽകാൻ കഴിയില്ലെന്നതിനാൽ തന്നെ വയോജനങ്ങൾക്ക് മരുന്നും മുടങ്ങുന്ന അവസ്ഥയുമുണ്ട്.
ഡോക്ടർമാരെ താത്ക്കാലികമായി നിയമിക്കാൻപോലും നടപടിയില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എ.ഐ.വൈ. എഫ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഡോക്ടറെ നിയമിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകൾ അനിശ്ചിതകാലത്തേക്ക് ഉപരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജനറൽ ആശുപത്രി സൂപ്രണ്ടുമായും എൻ.എച്ച്. എം ഉദ്യോഗസ്ഥരുമായും നേതാക്കൾ ചർച്ച ചെയ്തു.